പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനും ജനറല്‍ സെക്രട്ടറി ശശികലയും
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനും ജനറല്‍ സെക്രട്ടറി ശശികലയും കളി തുടരുന്നു. പാര്‍ട്ടി നേതൃത്വം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്നീര്‍ശെല്‍വം ക്യാമ്പിന്റെ പുതിയ ചുവടുവെപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ, ഇ മധുസൂദനനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഇന്നലെ ശശികല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ പദവികളില്‍നിന്നും മധുസൂദനനെ നീക്കം ചെയ്തതായാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികല വാര്‍ത്താക്കുറിപ്പിറക്കിയത്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.എ സെങ്കോട്ടയ്യന് പകരം ചുമതല നല്‍കിയതായും അവര്‍ വ്യക്തമാക്കി.
എന്നാല്‍ വൈകീട്ടോടെ ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി മധുസൂദനനും അറിയിച്ചു. പാര്‍ട്ടി ഭരണഘടന പ്രകാരം ഭാരവാഹികളെ പുറത്താക്കാന്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിക്ക് അധികാരമില്ല. ജനറല്‍ സെക്രട്ടറി കഴിഞ്ഞാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം ഏറ്റവും കൂടുതല്‍ അധികാരമുള്ളയാളാണ് പ്രസീഡിയം ചെയര്‍മാന്‍. അതുകൊണ്ടുതന്നെ ഇടക്കാല ജനറല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ആ അധികാരം വിനിയോഗിക്കുന്നുവെന്നും മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഒ പന്നീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നു പുറത്താക്കിയ ശശികലയുടെ നടപടി നിലനില്‍ക്കില്ലെന്നും മധുസൂദനന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തരപ്പോര് കൂടുതല്‍ സങ്കീര്‍ണമായി. പാര്‍ട്ടി പദവികള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നതോടെ കോടതിയും ഗവര്‍ണറും കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും.