മരിച്ച ശേഷമാണ് ജയലളിതയെ ആസ്പത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നതായി ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ദിവസം എമര്‍ജന്‍സി/കാഷ്വാലിറ്റി വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്ന അവകാശപ്പെട്ട് ഡോ. രാമസീതയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഇക്കാര്യം പറയാന്‍ തയ്യാറാണെന്നും ചെന്നൈയില്‍ പൊതുചടങ്ങില്‍ ഡോ. രാമസീത വ്യക്തമാക്കി.
ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിതയുടെ നാഡീമിടിപ്പ് നിലച്ചിരുന്നു. എന്നിട്ടും ഐ.സി.യുവിലേക്ക് മാറ്റി. രണ്ടു മാസത്തിനു ശേഷമാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇതിനിടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആസ്പത്രി അധികൃതര്‍ പലതവണ മെഡിക്കല്‍ ബുള്ളറ്റിനിറക്കി. മെഡിക്കല്‍ എത്തിക്സിന് ചേരാത്ത ഈ സമീപനമാണ് അപ്പോളോ ആസ്പത്രി വിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഡോ. രാമസീത പറഞ്ഞു.
ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22നും മരണം സ്ഥിരീകരിച്ച ഡിസംബര്‍ അഞ്ചിനും ഇടയില്‍ പുറത്തുനിന്ന് ഒരാളെപ്പോലും ജയലളിതയെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.