നമ്മള്‍ ജനിച്ചത് വെറുതെ മരിച്ചുപോകാനല്ല നമ്മുടെ പേരുകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ട് പോകാനാണ്: ജയസൂര്യ


എംടി പോലുള്ള വലിയ ഇതിസാഹങ്ങള്‍ക്കൊപ്പം മാക്ടയുടെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്ന യുവനടന്‍ ജയസൂര്യ മാക്ടയ്ക്കു നന്ദിപറഞ്ഞു. അദ്ദേഹം യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളും പോസ്റ്റ് ചെയ്തു.

ജയസൂര്യയുടെ പോസ്റ്റ്:

നന്ദി ‘മാക്ട’ സിനിമയെ സ്നേഹിച്ച് തുടങ്ങിയ അന്നു മുതല്‍ സ്‌ക്രീനില്‍ തെളിഞ്ഞ് മനസ്സില്‍ പതിഞ്ഞ കുറേ പേരുകളുണ്ട് സംഗീതം ശ്യാം, സംഘട്ടനം ത്യാഗരാജന്‍ ……അങ്ങനെ കുറേ ഇതിസാഹസങ്ങളുടെ പേരുകള്‍. ഒപ്പം മലയാള സിനിമയെ മറ്റൊരു നിലയിലേക്ക് എത്തിച്ചിട്ടുള്ളവരില്‍ ഒരാളായ എം.ടി സാറും അവരെയൊക്കെ മറക്കാതെ മാക്ട ആദരിച്ചപ്പോള്‍, ആദ്യമായി നാഷണല്‍ അവാര്‍ഡും, സ്റ്റേറ്റ് അവാര്‍ഡും എനിക്കു ലഭിച്ചതുകൊണ്ട് അത്രയും ലെജന്‍ഡ്സിന്റെ മുന്നില്‍ വച്ച് ഞാനും മാക്ടയുടെ പുരസ്‌ക്കാരത്തിന് അര്‍ഹനായി.

ചിലര്‍ പറയും ലക്ക് കൊണ്ടാണ് വിജയങ്ങള്‍ ഉണ്ടാകുന്നതെന്ന്, എനിക്കു തോന്നിയിട്ടുള്ളത് കഠിനാധ്വാനം ചെയ്യുമ്പോള്‍ ആ അധ്വാനം ‘ലക്കി’നെ കണ്ടുമുട്ടുന്നു എന്നുള്ളതാണ്… ‘വര്‍ക്കി’ന് മുന്‍പ് ‘ലക്ക്’ വരുന്നത് ഡിക്ഷണറിയില്‍ മാത്രമാണ്’

ആഗ്രഹമുള്ള, ലക്ഷ്യമുള്ള ഏതൊരു വ്യക്തിയും അവരവരുടെ ആഗ്രഹങ്ങളെ സ്ഥിരമായി മനസ്സില്‍ വിഷ്വല്‍ ആയി കാണണം…തന്റെ ലക്ഷ്യത്തില്‍ എത്തുന്നതായും …അതില്‍ വിജയിക്കുന്നതായും….എങ്കില്‍ ഉറപ്പായിട്ടും അത് നടന്നിരിക്കും.

‘സംവിധായകന്റെ മനസ്സിലെ വിഷ്വല്‍ ആണ് നമ്മള്‍ സിനിമയായി കാണുന്നത്. നമ്മുടെ ജീവിതത്തിന്റെ സംവിധായകന്‍ നമ്മളാണ് ‘ ‘നമ്മള്‍ ജനിച്ചത് വെറുതെ മരിച്ചുപോകാനല്ല നമ്മുടെ പേരുകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ട് പോകാനാണ്’.