രാഷ്ട്രീയത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ: ശശികല
ചെന്നൈ: ജയലളിതയുടെ കാലത്തും തന്നെ തകര്‍ക്കാന്‍ നീക്കം നടന്നതായി എ.ഐ.എ.എഡി.എം.കെ ജനറല്‍സെക്രട്ടറി ശശികല. മൂന്‍കൂട്ടി തയ്യറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള മൂന്നാമത്തെ പാര്‍ട്ടിയായാണ് എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമം പാര്‍ട്ടി വിശ്വാസികള്‍ തിരിച്ചറിയുമെന്നും ശശികല പറഞ്ഞു.
കാര്യങ്ങള്‍ തനിക്ക് എതിരായാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഗവര്‍ണര്‍ക്ക് കത്തെഴുതിയെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നു. താന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും ശശികല പറഞ്ഞു.
ശശികലയെ പിന്താങ്ങുന്നുവെന്ന് പറയുന്ന കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എ മാരെ കാണാന്‍ ശശികലയും പനീര്‍ശെല്‍വവും തിരിച്ച സാഹചര്യത്തിലാണ് ശശികലയുടെ പ്രതികരണം. രാഷ്ട്രീയത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശശികല പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടിയെ പിളര്‍ത്തി ദുര്‍ബലമാക്കാനുള്ള ശ്രമമാണെന്നും അവര്‍ പറഞ്ഞു. ഇതിനിടെ കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് പനീര്‍ശെല്‍വം എത്തിയാല്‍ തടയുമെന്ന് ശശികലയെ പിന്തുണക്കുന്നവര്‍ പറഞ്ഞു. ഇതോടെ സ്ഥലത്ത് ചെറിയ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. റിസോര്‍ട്ടിന് മുന്നില്‍ വന്‍ പോലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.