പനീര്‍ശെല്‍വം ഇന്ന് സെക്രട്ടേറിയറ്റിലെത്തും ; തടയുമെന്ന് ശശികലപക്ഷം
ചെന്നൈ : തമിഴ്നാട്ടിലെ കാവല്‍മുഖ്യമന്ത്രി പനീര്‍ശെല്‍വം ഇന്ന് സെക്രട്ടേറിയറ്റിലെത്തും. ഉച്ചയോടെയായിരിക്കും അദ്ദേഹം എത്തുക. 10 ദിവസത്തിന് ശേഷമാണ് പനീര്‍ശെല്‍വം സെക്രട്ടേറിയറ്റിലെത്തുന്നത്. എന്നാല്‍ പനീര്‍ശെല്‍വത്തെ വഴിയില്‍ തടയുമെന്ന് ശശികല പക്ഷം അണികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലും സമീപത്തും സുരക്ഷ ശക്തമാക്കി. ഭരണസ്തംഭനം എന്ന പ്രതിപക്ഷ ആരോപണത്തെത്തുടര്‍ന്നാണ് പനീര്‍ശെല്‍വം സെക്രട്ടേറിയറ്റിലെത്തുന്നത്. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നെങ്കിലും അനിശ്ചിതത്വം അവസാനിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശശികല പക്ഷവും പനീര്‍ശെല്‍വം പക്ഷവും ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്. അണ്ണാ ഡി.എം.കെ എം.എൽ.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എ.മാര്‍ക്കൊപ്പം ശശികല മാധ്യമങ്ങളെ കണ്ടിരുന്നു.