ഫാ. ടോം ഉഴൂന്നാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സ്വിസ് മലയാളി സമൂഹം


സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ മലയാളികളുടെ വാട്സ് ആപ് ഗ്രൂപ്പായ ഹലോ ഫ്രണ്ട്സിന്റെ പ്രവാസി ഇ-പെറ്റിഷന്‍ ക്യാമ്പൈന്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചു. യെമനില്‍ തീവ്രവാദികള്‍ തട്ടികൊണ്ട് പോയ ഇന്ത്യന്‍ പൗരനും മലയാളി വൈദികനുമായ ഫാ. ഫാ. ടോം ഉഴൂന്നാലിനെ മോചിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണെമന്നു ആവശ്യപ്പെട്ടായിരുന്നു ഇ-പെറ്റിഷന്‍ ക്യാമ്പൈന്‍ സംഘടിപ്പിച്ചത്.

ഹലോ ഫ്രണ്ട്സ് അംഗം ജോയി പെരുംപള്ളിലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 12ന് തൊടുപുഴയില്‍ ഇടുക്കി പാര്‍ലമെന്റ് അംഗം ജോയ്സ് ജോര്‍ജിനു ഫാ. ടോമിന്റെ മോചനം ആവശ്യപ്പെട്ടുള്ള നിവേദനം സമര്‍പ്പിച്ചു. നിവേദനം പ്രധാന മന്ത്രി, രാഷ്ട്രപതി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ടത് ചെയ്യാന്‍ അഭ്യര്‍ഥിക്കുമെന്നു എം.പി വാഗ്ദാനം ചെയ്തു.

പ്രവാസിയായി ജോലിചെയ്ത ഒരു വൈദീകന് നേരിട്ട ദുര്യോഗത്തില്‍ ഉത്കണ്ഠ പുലര്‍ത്താന്‍ സ്വിസ്സിലെ പ്രവാസികളുടെ കൂട്ടായ്മ കാണിച്ച ശ്രദ്ധ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാവിയോ കാവുകാട്ട്, സുമിത് മലമേല്‍, മാധ്യമ പ്രവര്‍ത്തകന്‍ സാബു നെയ്യശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു. ഹലോ ഫ്രണ്ട്‌സ് കണ്‍വീനര്‍ ജെയിംസ് തെക്കേമുറിയാണ് ഓണ്‍ലൈന്‍ പെറ്റിഷന്‍ ഏകോപിപ്പിച്ചത്.

ടോമി തൊണ്ടാംകുഴി, ജോയി പറമ്പേട്ട്, ടോമി വിരുതിയില്‍ തുടങ്ങിയവര്‍ ഹലോ ഫ്രണ്ട്‌സ് ഗ്രൂപ്പിനെ പ്രതിനിധികരിച്ചു കഴിഞ്ഞമാസം കടുതുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിനോടൊപ്പം ഫാ. ടോമിന്റെ ഭവനം സന്ദര്‍ശിച്ചു ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.