ജിഷ്ണുവിന്റെ മരണം ; പ്രതികൾക്കായി ലുക്ക് ഔട്ട് പുറപ്പെടുവിക്കും
തൃശൂര്‍ : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട കേസില്‍ അഞ്ച് പ്രതികൾക്കായി ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കുവാന്‍ തീരുമാനം. പി.ആര്.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന് എന്നിവർക്കെതിരെ ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചത്. പ്രതികൾ രാജ്യം വിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഒൗട്ട് സർക്കുലർ കൈമാറാനും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കാനും നിർദേശം നൽകും. സ്വാധീനം ഉപയോഗിച്ച് പ്രതികൾ കടന്നുകളയുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, അറസ്റ്റിലാകുന്നതിന് മുമ്പ് അഞ്ചു ദിവസത്തേക്ക് അദ്ദേഹം ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. അതേസമയം കൃഷ്ണദാസ് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് ആരോപണം. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് അഞ്ച് ദിവസത്തേക്ക് ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയതെന്നാണ് ആരോപണം. ഇന്ന് കോളേജ് തുറക്കാന്‍ 15ാം തീയ്യതി തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന് ഇക്കാര്യം കോടതിയില്‍ സൂചിപ്പിച്ചില്ല. അഭിഭാഷകന് ഒത്തുകളിച്ചാണ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാന്‍ ഇടവരുത്തിയെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.