സ്വകാര്യ ബസുകളെ സഹായിക്കാന്‍ പണം വാങ്ങി കെ എസ് ആര് ടി സി വോള്‍വോ ബസുകള്‍ കേടാക്കുന്ന ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലോട്ടു ഓടുന്ന കെ എസ് ആര് ടി സിയുടെ പ്രശ്നങ്ങള്‍ക്ക് കാരണം പണം മാത്രം ലക്ഷ്യമായുള്ള ഉദ്യോഗസ്ഥര്‍. സ്വകാര്യ ബസ് മുതലാളിമാരില്‍ നിന്ന് പണം വാങ്ങി കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ്സുകളുടെ എഞ്ചിന് കേടാക്കിയെന്ന പരാതിയില്‍ മുന്‍ സിഎംഡിയ്ക്കെതിരെ അന്വേഷണം വന്ന സമയമാണ് പണത്തിനു വേണ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന തെണ്ടിത്തരം പുറത്തറിയുന്നത്. ഇത്തരത്തില്‍ കെഎസ് ആര്‍ടിസിയിലെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്വകാര്യ ലോബിയെ സഹായിക്കാനായി 2021വരെ പെര്‍മിറ്റ് ഉള്ള പുതിയ വോള്‍വോ ബസ്സുകള്‍ കേടാക്കിയെന്നാണ് ആരോപണം. കുറഞ്ഞ തുകയ്ക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ബസ്സുകാര് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി കൊടുത്ത് എഞ്ചിന് കേടാക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് തട്ടിപ്പ് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി കോടികള്‍ മുടക്കി വാങ്ങിയ വോള്‍വോ ബസ്സുകളില്‍ പലതും കട്ടപ്പുറത്താണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ജെന്റ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലോ ഫ്ളോര്‍ ബസ്സുകള്‍ വാങ്ങുന്നത്. ലാഭകരമായ റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ പോലും കട്ടപ്പുറത്ത് ആയാല്‍ അത് നന്നാക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ലെന്ന ആരോപണം ഉണ്ട്. ഇതെല്ലാം സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കുവാന്‍ വേണ്ടിയാണ് എന്നാണു മുഖ്യമായ ആരോപണം.