പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെയും ഡ്രൈവര്‍ ആയിരുന്നു ; നടി മേനകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം : ആരാണ് പള്‍സര്‍ സുനി. പ്രമുഖ താരങ്ങളുടെയും മറ്റും ഡ്രൈവര്‍ ജോലി മാത്രം നോക്കുന്ന വന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സുനിയുടെ കഥകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ എല്ലാം നിറഞ്ഞു നിക്കുന്നത്. നടിയുടെ മാത്രമല്ല പല പ്രമുഖരുടെയും ഡ്രൈവര്‍ ആയിരുന്നു സുനി എന്നാണു ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുപോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകുവാന്‍ സുനി ശ്രമം നടത്തിയിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്. എം എല്‍ എയും സിനിമാ താരവുമായ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു സുനി എന്നാണ് മുകേഷ് പറയുന്നത്. എന്നാല്‍ ഇയാള്‍ ഇത്ര വലിയ കുറ്റവാളിയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം സുനി തന്റെ കൂടെ ജോലി ചെയ്തിരുന്നെന്നും എന്നാല്‍ ഒരുതരത്തിലും സംശയം തോന്നാത്ത വിധത്തിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മുകേഷ് വ്യക്തമാക്കി.അടിസ്ഥാനപരമായി ക്രിമിനലുകള്‍ ആയിട്ടുള്ളവര്‍ ഏറെക്കാലം കഴിഞ്ഞാലും ക്രിമിനലുകള്‍ ആയിരിക്കും എന്നതാണ് അവരുടെ മനശ്ശാസ്ത്രമെന്നും മുകേഷ് പറഞ്ഞു. അതേസമയം സുനി നേരത്തേയും ഇത്തരം സമാനമായ കൃത്യം ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാവും സിനിമാ താരം മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാര്‍ പറയുന്നു. അഞ്ച് വര്‍ഷം മുന്‍പ് കൊച്ചിയില്‍ വച്ച് നടി മേനകാ സുരേഷിനെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനി ശ്രമം നടത്തിയെന്നും തുടര്‍ന്ന് പാലീസില് പരാതി നല്‍കിയിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു യുവനടി ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. എന്നാല്‍ ആ നടി മേനകയ്ക്കൊപ്പം ഇല്ലായിരുന്നു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു എങ്കിലും പോലീസ് കേസില്‍ അന്വേഷണം നടത്തിയില്ല എന്നും സുരേഷ് കുമാര്‍ ആരോപിക്കുന്നു.