അവള് ഏറ്റവും സ്നേഹിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാത്രം ആ സംഭവം അവളെ ബാധിച്ചു: പൃഥ്വിരാജ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞടുക്കം രേഖപ്പെടുത്തി നടന് പൃഥ്വിരാജ്. അദ്ദേഹം സംഭവത്തിന്റെ വിവിധ വശങ്ങള് പങ്കുവച്ചു തന്റെ ഫേസ്ബുക്കില്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
ഈ തരത്തിലുള്ള അനുഭവം ഒരു സ്ത്രീക്ക് എന്റെ നാട്ടില്‍ വച്ചുണ്ടായതിനാല്‍ എന്റെയും തല നാണക്കേട് കൊണ്ട് കുനിഞ്ഞു പോകുന്നുവന്നു താരം കുറിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.
സംഭവശേഷം നടിയോട് സംസാരിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കേണ്ട ഒരു ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം. എനിക്കറിയാവുന്ന, ചങ്കൂറ്റമുള്ള ഈ പെണ്‍കുട്ടി അങ്ങനെ പറയുമ്പോള്‍ അവര്‍ അനുഭവിച്ച വേദനയുടെ തീവ്രത എത്രയാണെന്ന് മനസിലാക്കാം. അവള് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാത്രം ആ സംഭവം അവളെ അത്രയ്ക്ക് ബാധിച്ചുവെന്ന് വ്യക്തം, പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
നടിയ്ക്കുണ്ടായ അപമാനത്തെ പൈങ്കിളിവത്കരിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയും പൃഥ്വി തുറന്നടിച്ചു. തെറ്റായും സെന്‍സേഷനല്‍ ആയുമാണ് വാര്‍ത്ത നല്‍കിയത്. ഒരാള്‍ക്കുണ്ടായ ദുര്യോഗം ആഘോഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.കരുത്തായി നിനക്കൊപ്പമുണ്ടെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്നെ സ്ഥിരമായി കളിയാക്കുന്ന ‘ഇംഗ്ലീഷ് മീഡിയം’ ജോക്സ് ഈ പോസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് പറഞ്ഞാണ് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.