നടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാ ലോകം ; കുറ്റവാളികളെ പിടികൂടാന്‍ നടികര്‍ സംഘം പിണറായി വിജയന് കത്തയച്ചു
ചെന്നൈ: നടിക്ക് പറ്റിയ ആക്രമണത്തില്‍ ഞെട്ടി ഇന്ത്യന്‍ സിനിമാ ലോകം. ആക്രമണത്തിനു ഇരയായ നടിക്ക് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച സിനിമാ ലോകം കുറ്റവാളികളെ ഉടന്‍ പിടികൂടണം എന്ന് ആവശ്യപ്പെട്ടു. അതിനിടെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് നടികര്‍ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടൂ. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ വിശാലും സാമന്തയും സിദ്ധാര്‍ഥുമാണ് ട്വിറ്ററിലൂടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ചു. നടി അനുഭവിച്ച ദുരിതം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ധൈര്യം അവള്‍ക്ക് ഉണ്ടാവട്ടെ. കുറ്റക്കാര്‍ മുഴുവന്‍ പിടിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു.’ധീര’ എന്നാണ് സാമന്ത നടിയെ വിശേഷിപ്പിച്ചത്. എന്റെ ടൈംലൈന്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ സിനിമയില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ഞാന്‍ എന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്ന് തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയായ വിശാല്‍ പറഞ്ഞു. മുഴുവന്‍ സിനിമാലോകവും നടിക്കൊപ്പമുണ്ട്. ഒരു സെലിബ്രിറ്റിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇനിയൊരാള്‍ക്ക് ഇത്തരമൊരു കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ തോന്നാത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ നടിക്കും മലയാളത്തിലെ താരസംഘടനയായ അമ്മക്കും വേണ്ട പിന്തുണയെല്ലാം നല്‍കുമെന്നും വിശാല്‍ പറഞ്ഞു.