എല്‍ ഡി എഫ് യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം


തിരുവനന്തപുരം: ഭരണത്തിലെ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരേ എല്‍ ഡി എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. വിഷയത്തില്‍ മന്ത്രിമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇത് കിട്ടിയതിന് ശേഷം എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി എല്‍ഡിഎഫിന്റെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതുപോലെ സംസ്ഥാനത്തെ സിപിഎം-സിപിഐ തര്‍ക്കം പരിഹരിക്കാനും ധാരണയായി. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണയായിരിക്കുന്നത്. പ്രശ്‌നം യോഗത്തില്‍ ചര്‍ച്ചയായിരുന്നില്ല, തുടര്‍ന്ന് ജനതാദള്‍ ആണ് വിഷയം ഉന്നയിച്ചത്. അതേസമയം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും രംഗത്ത് വന്നു. കേസ് അന്വേഷണങ്ങൾ ഇഴഞ്ഞുനീങ്ങുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാമോലിൻ, ടൈറ്റാനിയം അടക്കമുള്ള കേസുകൾ തീർപ്പാകാതെ നീളുന്നു. അഴിമതിക്ക് എതിരെ പ്രസംഗം മാത്രമാണ് നടക്കുന്നത് എന്നും അധികാരത്തിൽ എത്തുമ്പോള്‍ ഒന്നിനും നടപടിയില്ല എന്നും സാങ്കേതിക കാരണങ്ങൾ കൊണ്ടാകാം ഇതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പക്ഷേ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുന്നില്ലെന്നും വി എസ് അച്യുതാനന്ദന്‍ വിമർശിച്ചു.