അജ്ഞാതജീവി കരയ്ക്കടിഞ്ഞു ; ഫിലിപ്പീന്‍സില്‍ പ്രദേശവാസികള്‍ ഭീതിയില്‍
പ്രദേശവാസികളില്‍ ഭീതി ജനിപ്പിച്ച് ഫിലിപ്പീന്‍സില്‍ അജ്ഞാത ജീവിയുടെ ശരീരം കരയ്ക്കടിഞ്ഞു. ഡിനാഗട് ദ്വീപിലെ കഗ്ഡൈയാനോയിലാണ് ഒരു അജ്ഞാതജീവിയുടെ മൃതദേഹം വന്നടിഞ്ഞത്. മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഭൂമികുലുക്കത്തിന് പിന്നാലെയായിരുന്നു സംഭവം. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇതില്‍ ചിലര്‍ ജീവിയുടെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം പുറംലോകം അറിയുകയും തുടര്‍ന്ന് ജീവിയെകാണുവാന് ധാരാളം പേര് എത്തുകയുമായിരുന്നു. പൂര്‍ണ്ണമായി രോമം നിറഞ്ഞ ശരീരപ്രകൃതിയുള്ള ജീവിയെ പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതേസമയം കടല്‍പ്പശുവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹമാണിതെന്നാണ് ചിലര്‍ പറയുന്നത്. അല്ല തിമിംഗലത്തിന്റേതാണെന്നും അഭിപ്രായമുണ്ട്. എന്ത് ജീവിയാണ് എന്നറിയാന്‍ അധികൃതര്‍ ജീവിയുടെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഇടങ്ങളിലും കടലില്‍ നിന്നും ഇത്തരത്തിലുള്ള അജ്ഞാത ജീവികളുടെ ശരീരങ്ങളും ഫോസിലുകളും ലഭിക്കാറുണ്ട്.