വാലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടകള്‍ തല്ലികെടുത്തിയ അനീഷ് ആദിവാസി വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍
കൊല്ലം: വാലന്റൈന്‍സ് ദിനത്തില്‍ കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാലക്കാട് കാരറ സ്വദേശി അനീഷ് അഗളി ഐ.എച്ച്.ആര്‍.ഡി. കോളേജില്‍നിന്ന് ബി.കോം. പാസായി അവിടെ ഒരു പരിശീലനകേന്ദ്രത്തില്‍ ആദിവാസി വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ പഠിപ്പിക്കുകയിയിരുന്നു. കൊല്ലത്തായിരുന്നു അനീഷ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.
ഈ മാസം 14ന് വാലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും സുഹൃത്തായ പെണ്‍കുട്ടിക്കും അഴീക്കല്‍ ബീച്ചില്‍ ദുരന്തമുണ്ടായത്. ഇരുവരേയും സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരുസംഘം ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത അനീഷിനേയും യുവതിയേയും മര്‍ദിക്കുകയും ചെയ്തു. ഇവരെ ചേര്‍ത്തുനിര്‍ത്തി വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
സംഭവശേഷം നാട്ടിലെത്തിയ അനീഷ് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. കൊല്ലത്തെ ആക്രമണത്തിന് ശേഷം പ്രതികളുടെ സുഹൃത്തുക്കള്‍ ഫെയ്‌സ്ബുക്കിലൂടെ വീണ്ടും അപമാനിച്ചതായി അനീഷ് പോലീസിന് പരാതി നല്‍കിയിരുന്നു. ഇതാണ് അനീഷിന്റെ മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. പ്രതികള്‍ക്ക് എതിരെ അഗളി പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. നരഹത്യക്ക് കേസെടുക്കുന്നതിനുള്ള സാധ്യതകളും പോലീസ് കണക്കിലെടുത്തിട്ടുണ്ട്.
അതേസമയം ആത്മഹത്യാ കുറിപ്പില്‍ രണ്ടു പേരെ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനേഷ്, രമേശ് എന്നിവരുടെ പേരുകളാണ് കുറിപ്പില്‍ ഉള്ളത്. ഇതില്‍ രമേശ് പ്രതിപ്പട്ടികയില്‍ ഇല്ലാത്ത ആളാണ്. പ്രതികളുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്നാണ് വിവരം.
അതേസമയം, അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുക്കും. കൊല്ലം, പാലക്കാട് എസ്പിമാരോട് കമ്മിഷന്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടും.