എല്ലായ്‌പ്പോഴും ഞാന്‍ തിരിച്ചു വന്നിട്ടുണ്ട്, ഞാന്‍ തിരിച്ചു വരും: നടി


കൊച്ചി: എറണാകുളത്ത് ഗുണ്ടാസംഘം ആക്രമിച്ച നടി സാധാരണ ജീവിതത്തിലേയ്ക് തിരിച്ചുവരുമെന്ന് അറിയിച്ചു. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് തന്റെ ചിത്രത്തോടൊപ്പം നടി സംഭവത്തിനുശേഷം ആദ്യമായി പ്രതികരിച്ചത്. ജീവിതം പല തവണ തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുക തന്നെ ചെയ്യുമെന്നും നടി കുറിച്ചു.

പരാജയങ്ങളും ദു:ഖങ്ങളും അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ച, എല്ലായ്‌പ്പോഴും ഞാന്‍ തിരിച്ചുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും നടി പറഞ്ഞു. മികച്ച പ്രതികരണമാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

കഴിഞ്ഞ 17ന് രാത്രിയാണ് കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കാറില്‍ സഞ്ചരിക്കവെ നടി ആക്രമണത്തിനിരയായത്. ഫോര്‍ട്ട്‌കൊച്ചിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടി. നേരത്തേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചതിനാല്‍ പിന്മാറുകയായിരുന്നു.