മഴ ചതിച്ച കേരളത്തില്‍ വരുന്നത് മലയാളി മറക്കാത്ത വേനല്‍ക്കാലം ; ഇത്തവണ കേരളം വെന്തുരുകും

തിരുവനന്തപുരം :  മഴ ചതിച്ച കേരളത്തില്‍ മലയാളികളെ കാത്തിരിക്കുന്നത് കടുത്ത വേനല്‍ പരീക്ഷണങ്ങള്‍. ഇക്കൊല്ലം വേനലില്‍ കേരളത്തിലെ  ചൂട് ഒരു ഡിഗ്രി കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം  മുന്നറിയിപ്പ് നല്‍കി. വേനലിന്റെ തുടക്കത്തില്‍ തന്നെ മിക്ക ജില്ലകളിലും നാലു മുതല്‍ അഞ്ച് ഡിഗ്രി വരെ ചൂട് കൂടി.താപനിലയില്‍ ഈ നൂറ്റാണ്ടില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് രണ്ട് ഡിഗ്രി ആണെന്നിരിക്കേയാണ് അസാധാരണമായ ഈ സ്ഥിതിവിശേഷം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഉഷ്ണ തരംഗം രേഖപ്പെടുത്തിയത് കഴിഞ്ഞ  വേനലിലാണ്. ഏപ്രിലില്‍ പാലക്കാട്ടും പുനലൂരും താപനില 41 ഡിഗ്രിക്കും മുകളിലെത്തിയിരുന്നു.എന്നാല്‍ ഇക്കൊല്ലം, ജനുവരിയില്‍ തന്നെ പലയിടത്തും ചൂട് അസാധാരണമാം വിധം കൂടിയിരുന്നു. കണ്ണൂരിലാണ് ചൂട് ഏറ്റവും കൂടുതല്‍. സാധാരണയിലും നാല് ഡിഗ്രിയോളം ഉയര്‍ന്ന്, ഇപ്പോള്‍ 38 ഡിഗ്രിക്കടുത്താണ് ചൂട്. കോട്ടയത്ത് 37 ഡിഗ്രി കഴിഞ്ഞു. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്.സാധാരണ ഏപ്രില്‍, മെയ് മാസങ്ങളില്‍ കാണുന്ന കൂടിയ താപനില, ഇക്കൊല്ലം നേരത്തെയെത്തി.തൃശൂരില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂട് 38 ഡിഗ്രി സെല്‍ഷ്യസാണ്. കൊടും വരള്‍ച്ചയില്‍ ബാഷ്പീകരണം കൂടിയതും പച്ചപ്പ് കരിഞ്ഞുണങ്ങിയതുമാണ് ചൂട് ക്രമാതീതമായി കൂടാന്‍ കാരണം. താപനില 41 ഡിഗ്രിക്കും മുകളില്‍ എത്തുന്നതോടെ ഉഷ്ണതരംഗവും സൂര്യതാപവുമടക്കം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കുടിവെള്ളം ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് പല ഇടങ്ങളിലും. വേനല്‍ കടുത്താല്‍ മലയാളി കുടിവെള്ളത്തിനു വേണ്ടി അലയേണ്ടിവരുമെന്ന് വ്യക്തം.