വനിതാദിനത്തിന് മുന്നോടിയായി രാജ്യത്തിന് അപമാനമായി അഴുക്കുചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍

ലോകവനിതാദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സമയം തന്നെ ലോകത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടായി ഒരു വാര്‍ത്ത‍. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തത് 19 പെണ്‍ഭ്രൂണങ്ങള്‍.  ഗര്‍ഭഛിദ്ര മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുക്കുചാലില്‍ നിന്ന് ഗര്‍ഭഛിദ്രം നടത്തി ഉപേക്ഷിച്ച  പെണ്‍കുട്ടികളുടെ ഭ്രൂണങ്ങള്‍ ലഭിച്ചത്. പ്രദേശത്തെ ഒരു ക്ലിനിക്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.  ഈ വാര്‍ത്ത‍ വന്നതിനെ  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുക്കുചാലില്‍  നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇത്രയും പെണ്‍കുട്ടികളുടെ ഭ്രൂണം കിട്ടിയത്. ഭാരതി ഹോസ്പിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന  ക്ലീനിക്കിലാണ് ഗര്‍ഭഛിദ്രം നടത്തു ന്നതിനിടെ മാര്‍ച്ച് 3ന് 26കാരി സ്വാതി ജാംദെദെ മരണപ്പെട്ടത്. ക്ലിനിക്കിലെ ഹോമിയോപ്പതി ഡോക്ടര്‍ ബാബാസാഹേബിനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. ഡോക്ടറുടെ ഭാര്യയ്ക്കും ഈ ഹീന കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയം. ഹോമിയോപ്പതിയില്‍ ഡിഗ്രിയുള്ള ഡോക്ടറാണ് ബാബാ സാഹേബ്. ക്ലിനിക്കില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.  പെണ്‍കുട്ടികള്‍ ജനിക്കുന്നത് കുടുംബത്തിനു മോശമാണ് എന്ന രീതിയില്‍ കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍ കൊലപ്പെടുത്തുക എന്നത് ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ദ്രോഹമാണ്.