ബജറ്റ് ചോര്‍ച്ചയില്‍ ഭരണഘടന ലംഘനമില്ല, ധനമന്ത്രി കുറ്റക്കാരനല്ല; മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം


തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയില്‍ ധനമന്ത്രി കുറ്റക്കാരനല്ല. ഭരണഘടന ലംഘനമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍. ബജറ്റിന്റെ ചില ഭാഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരത്തെ ലഭിച്ച സംഭവത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഒരു തരത്തിലും കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

രേഖകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ചില ഭാഗങ്ങള്‍ പുറത്ത് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ചോര്‍ച്ച നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുയായിരുന്നു മുഖ്യമന്ത്രി.

ബജറ്റ് രഹസ്യരേഖയാണെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അത് പുറത്തായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി രാജി വയ്ക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. വാദിയെ പ്രതിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ബജറ്റ് സാധുവല്ലെന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും പിണറായി പറഞ്ഞു.

ബജറ്റ് ചോര്‍ന്നതിനെ കുറിച്ച് നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഈ വിഷയത്തില്‍ ധനമന്ത്രി മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ ലംഘനങ്ങളൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ കുറിപ്പാണ് പുറത്തായത്. ഇതിന്മേല്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍, ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ തല്‍ക്കാലത്തേക്ക് നിറുത്തിവച്ചു.