ദുരന്ത തിങ്കള്‍: വാന്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറും മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്തിന് സമീപം പുതുവേലിയില്‍ വാന്‍ മതിലിലിടിച്ച് രണ്ട് സ്കൂള്‍ കുട്ടികളും ഡ്രൈവറും മരിച്ചു. 15 കുട്ടികള്‍ക്ക് പരിക്ക്. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥികളായ ആന്മരിയ ഷിജി (7) നയന ദിലീപ് (7) എന്നിവരാണ് മരിച്ചത്. വാനിന്റെ ഡ്രൈവര്‍ ജോസും മരിച്ചു. പരിക്കേറ്റ് കുട്ടികളില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
പുതുവേലിയില്‍ രാവിലെ 8.45 ഓടെയായിരുന്നു അപകടം. സ്കൂളിലെ വിദ്യാര്‍ഥികളുമായി പോയ വാനാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. വാനിന്റെ മുന്‍വശത്ത് ഇരുന്ന കുട്ടികളാണ് മരിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടു പോവുന്നതിനായി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാനാണിത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പുലര്‍ച്ചെ പത്രവിതരണം നടത്തിയ ശേഷമാണ് ജോസ് വാനുമായി വിദ്യാര്‍ഥികളെ കൊണ്ടു പോവാന്‍ എത്തിയത്. ജോസ് തന്നെയാണ് വാഹനത്തിന്റെ ഉടമ. മൃതദേഹങ്ങള്‍ കൂത്താട്ടുകളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.