ജര്‍മനിയില്‍ മലയാളി അഭയാര്‍ത്ഥി മരിച്ച സംഭവം: പുറത്ത് വന്നതില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍


ബര്‍ലിന്‍: വിസിറ്റിംഗ് വീസയുടെ മറവില്‍ യൂറോപ്പിലെത്തിയ മലയാളി ജര്‍മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ച സംഭവത്തില്‍ മ്യൂണിച്ചിലുള്ള ഇന്ത്യയുടെ കോണ്‍സുലേറ്റ് വേണ്ട നടപടികള്‍ സ്വീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാളെ കേരളത്തിലേയ്ക്ക് അയക്കുമെന്നാണ് എംബസ്സി നല്‍കുന്ന വിവരം.

അതിനിടയില്‍ യുറോപ്പിലുള്ള ഒരു സംഘടനയുടെ പ്രതിനിധികള്‍ ഇടപെട്ടാണ് മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും, നിയമ നടപടികളും പൂര്‍ത്തിയാക്കിയതെന്നുമുള്ള അവകാശം സ്ഥാപിച്ച് രംഗത്ത് എത്തുകയും മുഖ്യധാരാമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗത്തിലടക്കം വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

അതേസമയം വിവരം ശ്രദ്ധയില്‍പ്പെട്ട ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളിലെ സംഘടനകള്‍ അതൃപ്തി അറിയിച്ചു. വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇന്ത്യന്‍ എമ്പസിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. മലയാളി അഭയാര്‍ത്ഥി രാജ്യത്ത് മരിച്ച സംഭവത്തില്‍ കേരള സമാജം പോലെയുള്ള സംഘടനകള്‍ എംബസ്സിയെ ബന്ധപ്പെടുകയും, എല്ലാ സഹായം വാഗ്ദാനം ചെയ്തപ്പോഴും, അത്തരം സാഹചര്യം ആവശ്യമില്ലെന്നാണ് എംബസ്സിയില്‍ നിന്നും അറിയിച്ചത്. മാത്രമല്ല എംബസിയ്ക്ക് അതിന്റേതായ നടപടികള്‍ സ്വന്തമായി ചെയ്യാനും, മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള ചിലവുകളും കാര്യലായം നേരിട്ടാണ് വഹിക്കുന്നതെന്നും അറിയിച്ചു.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ സംഘടനകളെ സമയോചിതമായി അറിയിക്കുമെന്നുമാണ് എംബസിയില്‍ നിന്ന് ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി ഒരു സംഘടനയുടെയും ഇടപെടല്‍ ഇതുവരെ എംബസി ആവശ്യപ്പെട്ടിട്ടില്ലെന്നും, ഏതെങ്കിലും സംഘടന വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയതായി തങ്ങള്‍ക്കു അറിവില്ലെന്നും മലയാളി വിഷന് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞു.

സത്യം ഇതായിരിക്കെ എങ്ങനെയാണ് ഒരു സംഘടന അതിന്റെ ഭാരവാഹികളുടെ പേരുകള്‍ ഉള്‍പ്പെടെ നല്‍കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അവരാണ് നടത്തിയതെന്നും, നിയമനടപടികള്‍ പൂര്‍ത്തിയയാക്കിയതെന്നും അറിയിച്ചത്? ഭാരതസര്‍ക്കാരിന്റെ ജര്‍മ്മനിയിലെ എംബസിയുടെ കഴിവുകേടായിട്ടാണ് സംഭവം മലയാള ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നല്‍കിയിരിക്കുന്നത്. മറ്റാരുടെയും സഹായം അഭ്യര്‍ത്ഥിക്കാതെ ഇന്ത്യയുടെ ജര്‍മനിയിലെ എംബസി നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നത്.

തുടക്കത്തില്‍ ഫ്രാങ്ക്ഫുര്‍ട്ടിലെ കോണ്‍സുലേറ്റില്‍ ആണ് വിവരം ലഭിച്ചതെങ്കിലും മരിച്ച വ്യക്തിയുടെ ജര്‍മ്മനിയിലുള്ള സ്ഥലത്തിന്റെ അധികാരപരിധി മ്യൂണിക്ക് ആയതുകൊണ്ട് അവിടുത്തെ കോണ്‍സുലേറ്റ് ആണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. മൃതദേഹം വിമാനത്തില്‍ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ എംബസ്സിയുടെ മേല്‍നോട്ടത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എംബാം ചെയ്ത മൃതദേഹം മാര്‍ച്ച് ഏഴാം തിയതി തിരുവനന്തപുരത്തേയ്ക്ക് അയക്കും.

തിരുവനന്തപരം അഞ്ചുതെങ്ങ് മാമ്പിള്ളില്‍ ജോണ്‍ ജോണ്‍ബോയ് (45) ആണ് മരിച്ചത്. ഫെബ്രുവരി 22ന് ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗ് നഗരത്തിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു മരണം സംഭവിച്ചത്. ന്യുമോണിയ ബാധിച്ചാണ് മരണമെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. മതിയായ രേഖകളില്ലാതെ ജര്‍മനിയിലെത്തിയ ജോണിന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു. മരണവിവരം ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി മുഖേന തിരുവനന്തപുരത്തുള്ള ജോണിന്റെ വീട്ടില്‍ ഇതിനോടകം അറിയിച്ചുട്ടുണ്ട്. വിസിറ്റിംഗ് വീസയില്‍ പാരീസിലെത്തിയ ജോണ്‍ ജര്‍മനിയിലേയ്ക്കു കടക്കവേ പോലീസ് പിടിയിലാകുകയും ഹൈഡല്‍ബര്‍ഗിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുകയുമായിരുന്നു. അതേസമയം മരിച്ച ആളുടെ ഭാര്യയും മറ്റോ ഏതോ രാജ്യത്ത് അഭയാര്‍ത്ഥിയായി കഴിയുകയാണ് എന്നും വിവരമുണ്ട്.

വല്‍ക്കഷണം: പേരെടുക്കാന്‍ എന്ത് വിഡ്ഢിവേഷം വേണമെങ്കിലും സ്വയം കെട്ടിക്കോളു…എന്തിനാണ് നമ്മുടെ സര്‍ക്കാരിനെയും, വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും കാരിവാരിതേച്ച് ആ വിഴുപ്പുംകൂടി ചുമക്കുന്നത്?