ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കരുത് എന്ന് ബി ജെ പി മന്ത്രി
ഔറംഗബാദ് : കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആണ് ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് ഉപേക്ഷിക്കണം എന്ന് ആഹ്വാനം ചെയ്തത്. ജന്മദിനം ആഘോഷിക്കുന്നതിൻെറ ഭാഗമായി കേക്ക് മുറിക്കില്ലെന്ന് പ്രതിഞ്ജയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ സംസ്കാരമല്ല അത്. ശക്തവും പഴക്കമുള്ളതുമായ നമ്മുടെ സ്വന്തം സംസ്കാരമുണ്ടായിട്ടും നിർഭാഗ്യവശാൽ നാം പടിഞ്ഞാറൻ സംസ്കാരത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.കേക്ക് മുറിക്കുന്നിതിന് പകരം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാനും അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ നടന്ന ഒരു മത ചടങ്ങിലായിരുന്നു സിങിൻെറ പ്രസ്താവന. ഇന്ത്യൻ സംസ്കാരം ഗ്രാമപ്രദേശങ്ങളിൽ പെട്ടെന്ന് ഇല്ലാതാകുന്നതായും അത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അവരുടെ മാതാപിതാക്കളെ മായെന്നും പിതാജിയെന്നും വിളിക്കുന്നത് വിട്ട് മമ്മയെന്നും പപ്പായെന്നുമാണ് ഇപ്പോൾ വിളിക്കുന്നതെന്നും സിങ് വ്യക്തമാക്കി. നമ്മുടെ മതത്തെ സംരക്ഷിക്കാൻ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ടതുണ്ട്. രാജ്യത്തെ മുസ്ലിം ജനത ന്യൂനപക്ഷമല്ലെന്നും അവരെ അത്തരത്തിൽ കാണേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പ്രസംഗത്തിനിടെ ആവർത്തിച്ച് വ്യക്തമാക്കി. രാജ്യത്തെ മുസ്ലിം ജനസംഖ്യ 21 കോടിയാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു വിഭാഗത്തെ എങ്ങനെയാണ് ന്യൂനപക്ഷമായി കാണുകയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഈ പ്രശ്നം ചർച്ച ആയിരിക്കേണ്ടതുണ്ടെന്ന് സിങ് പറഞ്ഞു.