പെണ്‍കുട്ടികള്‍ ആറുമണികഴിഞ്ഞാല്‍ പുറത്തിറങ്ങരുത് ; പൊട്ടിത്തെറിയില്‍ നിന്നും രക്ഷപ്പെടാന്‍ ലക്ഷ്മണരേഖ വരയ്ക്കണം എന്ന് മേനകാ ഗാന്ധി
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സന്ധ്യ കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത് എന്ന് വനിതാ ശിശുക്ഷേമമന്ത്രി മേനകാഗാന്ധി. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍.ഡി.ടി.വി.ക്കു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങരുത് എന്ന് പറഞ്ഞുവെച്ചിരിക്കുന്നത്. തീര്‍ന്നില്ല പെണ്‍കുട്ടികളില്‍ കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെ വെല്ലുവിളികളുണ്ടാക്കുമെന്നും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരു ‘ലക്ഷ്മണ രേഖ’ വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കുമെന്നും മന്ത്രി പറയുന്നു. പെണ്‍കുട്ടികളില്‍ സമയനിയന്ത്രണം കൊണ്ട് മാത്രമേ അവരെ സുരക്ഷിതയാക്കുവാന്‍ സാധിക്കു എന്നും മേനകാ ഗാന്ധി പറയുന്നു. ഹോസ്റ്റലുകളില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങുവാന്‍ പാടില്ല. രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ദിവസം അനുവദിക്കണം. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആറു മണിക്കു ശേഷം ‘കറങ്ങി നടക്കാന്‍’ അവരെയും അനുവദിക്കേണ്ട എന്നും മന്ത്രി പറയുന്നു. സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് മേനകാ ഗാന്ധി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദേശീയ നയം പരിഷ്‌കരിക്കുന്നതിനു മുന്‍കൈയെടുത്ത അവര്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവിച്ചത് പലരിലും അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. അതുപോലെ കേന്ദ്രം ഭരിക്കുന്ന തങ്ങള്‍ ആയതുകൊണ്ട് പെണ്‍കുട്ടികള്‍ ആറു മണി കഴിഞ്ഞാല്‍ പുറത്തിറങ്ങുവാന്‍ പാടില്ല എന്ന നിലയില്‍ പുതിയ നിയമം വല്ലതും കൊണ്ടുവരുമോ എന്ന് കാത്തിരുന്നു കാണാം.