ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ സ്പോണ്‍സര്‍ അങ്ങ് ചൈനയില്‍ നിന്നും ; പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ

മുംബൈ : ചൈനീസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന പ്രധാനമന്ത്രിയുടെയും അവരുടെ പാര്‍ട്ടിക്കാരെയും ആഹ്വാനം നമ്മുടെ ബി.സി.സി.ഐ അറിഞ്ഞില്ല എന്ന് തോന്നുന്നു. അതുകൊണ്ടുതന്നെയാകും ഇന്ത്യൻ ക്രിക്കറ്റിൻെറ ടീമിൻറെ പുതിയ സ്പോൺസർമാരായി ഒരു ചൈനീസ്‌ കമ്പനിയെ അവര്‍ തിരഞ്ഞെടുത്തത്. ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയാണ് ഇനിയുള്ള കാലം ഇന്ത്യയുടെ സ്പോണ്‍സര്‍ ആകുന്നത്. ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ ഇന്ത്യക്ക് പകരക്കാരായാണ് ഒാപ്പോ വരുന്നത്. അഞ്ച് വർഷം നീണ്ട കരാറാണ് ഇവരുമായുള്ളത്.സ്പോൺസർമാരായി തുടരാൻ സ്റ്റാർ ഇന്ത്യക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്റ്റാർ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാർ ഇപ്പോൾ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ അവസാനിക്കും. ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ സ്പോൺസർമാരെ കാണാം. സീനിയർ, ജൂനിയർ, വനിതാ ടീമുകളുടെ ജേഴ്സിയിലാണ് സ്പോൺസർഷിപ്പ്. പുതിയ സ്പോൺസർമാരായി മൊബൈൽ ഡിജിറ്റൽ രംഗത്തെ അതികായരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പലരും അവസാന നിമിഷം പിന്മാറുകയായിരുന്നു.അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ എന്ന് കാത്തിരിക്കുകയാണ് ചൈനീസ് സാധനങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ ബി ജെ പി,ആര്‍ എസ് എസ് അനുഭാവികള്‍.