സഹോദരിമാരുടെ ആത്മഹത്യ ; മൂത്തപെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മ
പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂത്തപെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളില്‍ മൂത്തകുട്ടിയെ ബന്ധു പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടികളുടെ അമ്മ. ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നെന്നും പെണ്‍കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കി. എന്നാല്‍, മരിച്ച രണ്ടാമത്തെ കുട്ടി പീഡനത്തിന് ഇരയായിരുന്നുവോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ല. പതിനൊന്നുകാരിയായ മൂത്തമകള്‍ ജനുവരി 13-നും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറിവീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഇരുകുട്ടികളും ഒരേസ്ഥാനത്താണ് തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മൂത്തകുട്ടി. ഇളയമകളും ഏഴുവയസ്സുള്ള മകനും രണ്ടാം ഭര്‍ത്താവിന് ഉണ്ടായ കുട്ടികളാണ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കുട്ടിയാണ് ചേച്ചി തൂങ്ങി നില്‍ക്കുന്നത് ആദ്യമായി കണ്ടത്. മുതിര്‍ന്ന കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി മൃതദേഹ പരിശോധനയില്‍ വ്യക്തമായതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇളയ കുട്ടിയുടെ കാര്യത്തിലും പീഡനം നടന്നതായി സംശയിക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.