ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് മാര്‍ച്ച് 11ന്


ഫ്രൈബുര്‍ഗ്: ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എഫ്.എഫ്) മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 11ന് നടക്കും. ഉച്ചകഴിഞ്ഞു 2 മണി മുതല്‍ രാത്രി 9 വരെ മത്സരങ്ങള്‍ നീണ്ടുനില്‍ക്കും. തെക്ക് പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ ഫ്രൈബുര്‍ഗിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കാര്‍ള്‍സ്‌റൂഹെ, ഡ്യൂസ്സല്‍ഡോര്‍ഫ്, ഫ്രയ്‌ബെര്‍ഗ്, എന്നീ മലയാളി ബാഡ്മിന്റണ്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റ് അതേസമയം ജര്‍മനിയിലെ വിവിധ പ്രദേശങ്ങളിലെ മലയാളികളുടെ ഒത്തു ചേരലിനു കൂടെ വേദി ആകും. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഡബ്‌ള്യു.എഫ്.എഫ് ജര്‍മ്മനി ഏകോപിക്കും. ഇത് രണ്ടാം തവണയാണ് മലയാളികള്‍ക്ക് വേണ്ടി ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍ള്‍സ്‌റൂഹെയില്‍ ആദ്യമായി മലയാളി ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിച്ചിരുന്നു.

വരും വര്‍ഷങ്ങളില്‍ യൂറോപിലെ മറ്റു രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി യൂറോപ് മലയാളി ബാഡ്മിന്റണ്‍ ലീഗ് ഈ മത്സരങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമെന്ന് മലയാളി സ്‌പോര്‍ട്‌സ് കൂട്ടായ്മയെ ഉദ്ധരിച്ച് ഡബ്‌ള്യു.എഫ്.എഫ് ജര്‍മനിയുടെ പ്രസിഡന്റ് ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി അറിയിച്ചു.