വിയന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു
വിയന്ന: യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയില്‍ പൗരോഹിത്യ സന്യസ്ത സമര്‍പ്പണ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന ജോഷി വെട്ടിക്കാട്ടില്‍ അച്ചന്റെ അനുമോദന ചടങ്ങുകള്‍ വിയന്ന സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ച്ച് 5 ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം പൊതുസമ്മേളനത്തോടെ ആഘോഷിച്ചു. 2007 മാര്‍ച്ച് 4നാണ് ജോഷി അച്ചന്‍ മലബാര്‍ ഭദ്രാസനത്തിനു വേണ്ടി ഇടവക മെത്രാപോലിത്ത അഭി.ഡോ. യൂഹാനോന്‍ മോര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്തയില്‍ നിന്നും പൗരോഹിത്യ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അച്ചന്‍ മാത്തമാറ്റിക്‌സില്‍ ബിരുദം നേടുകയും തുടര്‍ന്ന് കുറച്ചുകാലം പ്രീ സെമിനാരിയന്‍ ആയി വണ്ടിപ്പെരിയാറിനടുത്ത് വാളാര്‍ഡി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ബഹു. സക്കറിയാ തോറാമ്പില്‍ അച്ഛനോടൊപ്പം (ഇപ്പോഴത്തെ മോര്‍ പീലക്‌സിനോസ് സക്കറിയാ മെത്രാപ്പോലീത്ത, ഡയറക്ടര്‍, തൂത്തൂട്ടി, മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം, കോട്ടയം) ശുശ്രൂഷ ചെയ്യുകയും പിന്നീട് 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ മുളന്തുരുത്തി, വെട്ടിക്കല്‍ സെമിനാരിയില്‍ നിന്നും Bachelor of Divinity ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
ഈ കാലയളവില്‍ 2005 ജനുവരി മാസം 30ാം തീയതി ഇടവക പള്ളിയായ അമ്പുകുത്തി സെന്റ് മേരിസ് പള്ളിയില്‍ വച്ച് ‘കോറുയോ’, ‘യൌഫദ് യക്ക്‌നോ’ പട്ടവും ഇടവക മെത്രാപ്പോലീത്തയായില്‍ നിന്നും സ്വീകരിച്ചു. 2006ല്‍ സെമിനാരി പഠനശേഷം ഒരു വര്‍ഷക്കാലം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു.
2007 മാര്‍ച്ച് മാസം 4ാം തീയതി സ്വന്തം ഇടവകയായ അമ്പുകുത്തി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ഭദ്രാസന മെത്രാപ്പോലീത്തയില്‍ നിന്നും പൂര്‍ണ്ണ ശെമ്മാശ പട്ടവും കശ്ശീശാ പട്ടവും സ്വീകരിച്ചു.
2007 മുതല്‍ 2010 വരെ കണ്ണൂര്‍ ജില്ലയിലെ കുടിയാന്മല, വഞ്ചിയം, ഉളിക്കല്‍, പാലിയാട്, തലശ്ശേരി എന്നീ ഇടവകകളിലും 2010 മുതല്‍ 2013 വരെ മലബാര്‍ ഭദ്രാസനത്തിലെ മാനന്തവാടി, പയ്യംപള്ളി, മാണിക്കോട, മീനങ്ങാടി, എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇടവക ശുശ്രുഷയുടെ കാലയളവില്‍ വഞ്ചിയം, പയ്യംപള്ളി എന്നീ പള്ളികള്‍ പുതുക്കിപ്പണിത് കൂദാശകള്‍ നിര്‍വഹിക്കുന്നതിനും ഉളിക്കല്‍ പള്ളിയുടെ പണികള്‍ പൂര്‍ത്തിക്കരിച്ച കൂദാശകള്‍ നിര്‍വഹിക്കുന്നതിനും സാധിച്ചിട്ടുണ്ട്.
ഈ കാലയളവില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രൈവറ്റ് സെക്രട്ടറിയായും അരമന മാനേജര്‍ ആയും മലബാര്‍ ഭദ്രാസനത്തിലെ മഞ്ഞപ്പാറ ഹമോന ആശ്രമത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന് ധ്യാനകേന്ദ്രത്തിലും വയനാട് മഞ്ഞപ്പാറ മോര്‍ ഗ്രിഗോറിയന് ധ്യാനകേന്ദ്രത്തിലും ധ്യാനശുശ്രുഷകള്‍ക്കും കൗണ്‍സിലിംഗ് ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. വയനാട് അമ്പലവയലില്‍ വെട്ടിക്കാട്ടില്‍ മര്‍ക്കോസ്, മേരി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനാണ് ഫാ. ജോഷി.
2014 മുതല്‍ വിയന്ന സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ വികാരിയായിക്കുന്നതോടൊപ്പം വിയന്ന യൂണിവേഴ്‌സിറ്റിയില്‍ Specialization of Theologyയില്‍ മാസ്റ്റര്‍ ബിരുദവും സാല്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സിറിയക് തീയോളജിയില്‍ ബിരുദാനന്തര ബിരുദവും ചെയ്തുകൊണ്ടിരിക്കുന്നു.
ബഹു. ജോഷി അച്ഛന്‍ പൗരോഹിത്യത്തിന്റെ പത്തു വര്ഷം പിന്നിടുന്നതിന്റെ ആഘോഷമായി 2017 മാര്‍ച്ച് 5 ഞായറാഴ്ച അച്ഛനോടൊപ്പം ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സിറിയക് തിയോളോജിയില്‍ ഉപരിപഠനം ചെയ്തുകൊണ്ടിരിക്കുന്ന വെരി റെവ. ഗബ്രിയേല്‍ റമ്പാച്ചന്‍, റെവ. ഫാ.യാസിര്‍ അത്തല്ല , റെവ. ഫാ. റിനോ ജോണ്‍, ഡീക്കന്‍ നോഹ മാര്‍ക്കോസ് എന്നിവരുടെ മഹനീയ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബാനക്ക് ശേഷമായിരുന്നു അനുമോദനചടങ്ങുകള്‍ നടന്നത്. തദവസരത്തില്‍ ജോഷി അച്ഛന്റെ അര്‍പ്പണ സന്യസ്ത പൗരോഹിത്യ ജീവിതം ഏവര്‍ക്കും മാതൃകയാണെന്ന് അനുമോദിച്ചുകൊണ്ടു അവര്‍ പറയുകയുണ്ടായി
വൈസ് പ്രസിഡണ്ട് ഷെവലിയാര്‍ കുരിയാക്കോസ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ ഷാജി ചേലപ്പുറത്ത് സ്വാഗതം ആശംസിച്ചു. ബ്ലെസി ഉള്ളൂരിക്കരയും ആല്‍ബര്‍ട്ട് ഉള്ളൂരിക്കരയും കൂടി ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍പള്ളിയിലെ ഭക്ത സംഘടനകള്‍ വിവി ധകലാപരിപാടികള്‍ അവതരിപ്പിക്കുകയും ശ്രീ ജോളി തുരുത്തുമ്മേല്‍ അനുമോദനം അറിയിക്കയുമുണ്ടായി. പള്ളി വക ഒരു സ്‌നേഹോപഹാരം, ഇടവകയുടെ പ്രധാന ശുശ്രുഷകന്‍ ആയിരിക്കുന്ന ശ്രീ എല്‍ദോ പാല്പാത് അച്ഛന് സമ്മാനിക്കുകയും ഉണ്ടായി അച്ചന്റെ സഭാസേവനങ്ങളെ ബഹുമാനിച്ചുകൊണ്ടു ബഹു. ഗബ്രിയേല്‍ റമ്പാച്ചനും യാക്കോബ് പടിക്കകുടിയും പൊന്നാടകള്‍ അണിയിച്ചു.
വളരെ ഹൃദ്യമായ ഒരു അനുമോദനസമ്മേളനം ഒരുക്കിയ പള്ളി ഭാരവാഹികളെയും ഭക്തസംഘടനകളെയും ബഹു. ജോഷി അച്ഛന്‍ പ്രകീര്‍ത്തിക്കുകയും കൂടുതല്‍ അര്‍പ്പണ ശുശ്രൂഷ സഭക്ക് വാഗ്ദാനം ചെയ്യുകയും ഉണ്ടായി. ട്രഷറര്‍ ശ്രീ പ്രദീപ് പൗലോസ് പ്രസ്തുത സമ്മേളനത്തില്‍ നന്ദി രേഖപ്പെടുത്തി. സമ്മേളനാനന്തരം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ വിരുന്നും ഒരുക്കിയിരുന്നത് ഹൃദ്യമായിരുന്നു.