ഡബ്ലിനില്‍ നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം നാളെ(വ്യാഴാഴ്ച) രാവിലെ 11 മണിക്ക്
ഡബ്ലിന്‍:ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം നാളെ(വ്യാഴാഴ്ച) രാവിലെ 11 മണിക്ക് സാഗട്ട് സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടും.
സിറ്റി വെസ്റ്റിലെ പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകനായ പതിനൊന്ന് വയസുകാരന്‍ കെവിന്‍ ഷിജിയ്ക്ക് ഇന്നലെയും ഇന്നുമായി, ഡബ്ലിന്‍ മലയാളികള്‍ കണ്ണീരോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.താലയിലെ മെല്‍റോയ് ഫൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെച്ച കെവിന്റെ ഭൗതീകദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ എത്തിയിരുന്നു.
ഇന്നലെയും ഇന്നുമായി നടന്ന പ്രാര്‍ഥനാശുശ്രൂഷകളില്‍ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള വൈദീകര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭാ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഘട്ട പ്രാര്‍ഥനകള്‍ 09.45ന് ഭവനത്തില്‍ ആരംഭിക്കും.ഫാ.ആന്റണി ചീരംവേലി ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
10.55ന് സിറ്റി വെസ്റ്റ്, സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെര്‍ജിന്‍ മേരി(സെന്റ് മേരീസ്) പള്ളിയിലെത്തിക്കുന്ന ഭൗതീകദേഹത്തെ കെവിന്റെ സഹപാഠികളായ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കും.ഫ്യൂണറല്‍ മാസ് 11 മണിയ്ക്ക് ആരംഭിക്കും.ഭൗതിക ശരീരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള പള്ളിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. പള്ളിയിലെ ശുശ്രൂഷകള്‍ക്കും,ഫൂണറല്‍ മാസിനും സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.ഡബ്ലിനിലെ സീറോ മലബാര്‍ ചാപ്ല്യന്‍മാരടക്കം പത്തോളം വൈദീകര്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായിരിക്കും.
ഫാ.ജോസ് ഭരണികുളങ്ങര,കെവിന്റെ വേദപാഠ അധ്യാപിക ബീന ജെയ്‌മോന്‍,സാഗട്ട് സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നോവലെന്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കും. സെന്റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സിമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്.
സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് സാഗട്ട് പള്ളി ഗ്രൗണ്ടിലും,തൊട്ടടുത്തുള്ള സിറ്റി വെസ്റ്റ് ഹോട്ടല്‍ പരിസരത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.