ടെലിവിഷനും മൊബൈല്‍ഫോണും വരെ അമേരിക്ക രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്നു എന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : അമേരിക്കയെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി വീക്കീലീക്‌സ് രേഖകള്‍ പുറത്തു. വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണുകള്‍, ആന്റിവൈറസ് സോഫ്റ്റുവെയറുകള്‍ എന്നിവ അടക്കമുള്ളവ ഉപയോഗിക്കുന്നു എന്ന് വീക്കീലീക്‌സ് വെളിപ്പെടുത്തുന്നു. ഇതിലൂടെ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശബ്ദങ്ങള്‍, ചിത്രങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍ എന്നിവ ഇത്തരത്തില്‍ ചോര്‍ത്തുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വീക്കിലിക്സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട സി.െഎ.എയുടെ 9000 രേഖകളിലാണ് ഇക്കാര്യമുള്ളത്. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് സ്മാര്‍ട് ടെലിവിഷന്‍ എന്നിവയില്‍ നിന്നാണ് സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇതിന് പുറമെ പുതിയ സാ?േങ്കതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവര്‍ ചോര്‍ത്തുന്നുണ്ട്. ഹാക്കിങ് സാങ്കേതിക വിദ്യകള്‍ പലതും നിലവില്‍ സൈബര്‍ സെക്യൂരിറ്റി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചിതമാണ്. എന്നാല്‍ അതിലൊന്നും ഉള്‍പ്പെടാത്തവയാണെണ് സി.ഐ.എ ഉപയോഗിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം സിഐഎയില്‍ നിന്ന് നഷ്ടമായതാണ് രേഖകള്‍ പുറത്താവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഈ സാങ്കേതിക വിദ്യ ഹാക്കര്‍മാരുടെ കൈകളിലെത്തുകയാണെങ്കില്‍ ലോകമെങ്ങുമുള്ള രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. രേഖകള്‍ വീക്കിലിക്സ് പുറത്ത് വിട്ടിരുന്നു.