ഭിന്നശേഷിയെ അത്ഭുതമാക്കി മാറ്റിയ പ്രശാന്ത് ; അതിരില്ലാത്ത ഓര്‍മകളുമായി ഇനി ഗിന്നസ് ലക്ഷ്യത്തിലേക്ക്


തിരുവനന്തപുരം: വൈകല്യങ്ങളെ തോല്‍പ്പിച്ച് പ്രശാന്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുയാണ്. തനിക്കുണ്ടായ വൈകല്യങ്ങളെ നിഷ്പ്രഭമാക്കിയാണ് ഈ പത്തൊന്‍പതുകാരന്‍ ലോക റെക്കോര്‍ഡും ദേശീയ അവാര്‍ഡും യൂണിവേഴ്സിറ്റി ഡോക്ടറേറ്റും നേടിയത്. കരമന പ്രശാന്തത്തില്‍ ചന്ദ്രന്‍ – സുഹിത ദമ്പതികളുടെ മകന്‍ പ്രശാന്ത് ചന്ദ്രന്‍ (19) ആണ് അറിവിന്റെ വിസ്മയം തീര്‍ത്ത് ഉന്നതങ്ങളിലേക്ക് നടന്നു കയറുന്നത്.

കാഴ്ചയിലും കേള്‍വിയിലും സംസാരത്തിലും വൈകല്യങ്ങള്‍. കാര്‍ഡിയോളജി, ന്യൂറോളജി സംബന്ധമായ അസുഖങ്ങള്‍. എന്നാല്‍, വിജയത്തിന്റെ അത്യുന്നതങ്ങളിലേക്ക് പറക്കാന്‍ ഇതൊന്നും പ്രശാന്തിന് തടസമായില്ല. സ്വന്തം മനശ്ശക്തിയും ഇച്ഛാശക്തിയുമാണ് പ്രശാന്തിന്റെ പ്രചോദനം. അസാധാരണ ഓര്‍മ്മശക്തിയുടെ ഇദ്ദേഹത്തെ കമ്പ്യൂട്ടര്‍, സ്‌കാനര്‍, മെമ്മറി പ്രശാന്ത് എന്നീ പേരുകളാണ് പരിചയക്കാര്‍ നല്‍കുന്ന വിശേഷണം.

രണ്ടു വര്‍ഷം മുന്‍പാണ് പ്രശാന്ത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. എ.ഡി 1 മുതല്‍ 10 കോടി വര്‍ഷം വരെയുള്ള കലണ്ടര്‍ മനപ്പാഠമാക്കിയ പ്രശാന്ത് തീയതി, മാസം, വര്‍ഷം എന്നിവ പറഞ്ഞാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ആ ദിവസം ഏതെന്ന് കൃത്യമായി പറയും. അവധി ദിനങ്ങള്‍, അന്തരീക്ഷത്തിലെ താപനില എന്നിവയും ഞൊടിയിടയില്‍ പറയും.

കീബോര്‍ഡില്‍ വലതുകൈ ഉപയോഗിച്ച് മാസ്മരിക സംഗീതം തീര്‍ക്കാനും പ്രശാന്തിന് കഴിയും. 2016 ലെ ഭിന്നശേഷി ദിനത്തില്‍ പ്രശാന്തിന് രാഷ്ട്രപതിയില്‍ നിന്നും ക്രിയേറ്റീവ് അഡള്‍ട്ട് പേഴ്സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് പുരസ്‌കാരം ലഭിച്ചു.

ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബഹുക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്സല്‍ കെക്കോര്‍ഡ് ഫോറം ഫോര്‍ ഓഫ് ഫയിം അവാര്‍ഡ്, യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം നാഷണല്‍ അവാര്‍ഡ്, ഇന്‍ക്രഡിബിള്‍ ബുക് ഓഫ് റെക്കോര്‍ഡ്സ് തുടങ്ങി 150 ലേറെ പുരസ്‌കാരങ്ങള്‍ പ്രശാന്തിന്റെ ഷോക്കേസിലുണ്ട്.

ഒടുവില്‍ ഈ ബഹുമുഖ പ്രതിഭയെ തേടി ഡോക്ടറേറ്റ് ബിരുദവും എത്തി. കഴിഞ്ഞ അഞ്ചിന് ഹരിയാനയിലെ ഫരീദാബാദിലെ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശാന്തിന് ഡോക്ടറേറ്റ് സമ്മാനിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ഷൈലജ, പ്രൊഫ. രവീന്ദ്രനാഥ്, സുനില്‍കുമാര്‍ തുടങ്ങിയ നിരവധി പേര്‍ പ്രശാന്തിനെ ആദരിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് പ്രശാന്ത് പ്രചോദനമാണ്. അടുത്ത ലക്ഷ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ്. ആ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഡോ. പ്രശാന്ത് ചന്ദ്രന്‍. പ്രപഞ്ചത്തിന്റെ അതികള്‍ തേടി കുതിക്കുന്ന ഈ അത്ഭുത പ്രതിഭയെ നമുക്ക് കൈയടിച്ചു പ്രോസാഹിപ്പിക്കാം…