മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തിയേക്കും ; വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒടുവില്‍ മുഖ്യമന്ത്രി സമ്മതിച്ചു. പോലിസിന് വീഴ്ച പറ്റിയെന്ന്. സദാചാര ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തും. മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര പോലിസ് ചമഞ്ഞ് അഴിഞ്ഞാടിയ സംഭവത്തിലാണ് വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. സംഭവം പോലിസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോള്‍ മുഖ്യമന്ത്രിയും ഇതു ശരിവച്ചു.
അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാന്‍ സ്ഥലത്തുണ്ടായിരന്ന പോലിസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി നിമയസഭയില്‍ വ്യക്തമാക്കി. ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും അടിച്ചോടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല. ആവശ്യമെങ്കില്‍ കാപ്പ ചുമത്തുന്നതടക്കമുള്ളവ പരിഗണിക്കും.
സദാചാര ഗുണ്ടകളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയാല്‍ പോലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മരത്തണലിരുന്നവരെ അടിച്ചോടിക്കുകയായിരുന്നുവെന്നും പിണറായി സഭയില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഹൈബി ഈഡന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ശിവസേനക്കാര്‍ക്കെതിരെ പിണറായി പോലിസിന്റെ ലാത്തി പൊങ്ങിയില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമായി കണക്കിലെടുത്ത മുഖ്യമന്ത്രി സദാചാരക്കാര്‍ക്കെതിരെ പോലിസിന്റെ ലാത്തി ഉയരേണ്ടതാണെന്നും പറഞ്ഞു. മറൈന്‍ ഡ്രൈവിലുണ്ടായ സംഭവം കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
പോലിസിന്റെ ഒത്താശയോടെ ക്രമിനലുകള്‍ അഴിഞ്ഞാടി. കേരളത്തില്‍ വേരില്ലാത്ത കടലാസ് സംഘടനയാണ് ശിവസേനയെന്നും പ്രതിപക്ഷം ആരോപിച്ചു. എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയും പോലിസുകാരെ സ്ഥലംമാറ്റുകയും ചെയ്തെങ്കിലും പാളിച്ച പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.