ഇറ്റലിയിലെ മലയാളികള്‍ അതീവ ജാഗ്രത പുലര്‍ത്തുക: വന്‍ തട്ടിപ്പ് സംഘം മലയാളികളെ കൊള്ളയടിക്കുന്നു


റോം: ‘ഇന്നലെ എനിക്ക് പറ്റിയത് ഇറ്റലിയിലെ ഒരു മലയാളിയ്ക്കും സംഭവിക്കരുതേ’ എന്ന് പറഞ്ഞാണ് മോഹനന്‍ മലയാളി വിഷനോട് അദ്ദേഹത്തിന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. കുറെ കാലം കൂടി നാട്ടിലേയ്ക്ക് പോയി കുടുംബത്തോടൊത്ത് സന്തോഷം പങ്കു വച്ച്, ഗതകാല സുഖസ്മരണകളുമായി തിരിച്ചെത്തിയ അദ്ദേഹത്തിന് എല്ലാ സന്തോഷവും ഇറ്റലിയിലെത്തിത്തോടെ അപ്രത്യക്ഷമായി.

നാപോളിയില്‍ റെയിവേ സ്‌റ്റേഷനില്‍ എത്തിയ മോഹനന്റെ പാസ്‌പോര്‍ട്ടും വിസയുമടക്കം, മറ്റു രേഖകളും, പണവും ഫോണും സൂക്ഷിച്ചിരുന്ന ചെറിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട രേഖകള്‍ ഉണ്ടാക്കാന്‍ നാരായണന് ഇനി വലിയ അധ്വാനം വേണ്ടിവരും.

കഴിഞ്ഞ ആഴ്ചയാണ് റോമില്‍ കുര്‍ബാനയ്ക്ക് വന്ന ഒരു മലയാളി വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ചു ഓടിയത്. ഭാഗ്യവശാല്‍ കുറച്ചു പണവും മേക്ക് അപ്പ് സാധനങ്ങളും നഷ്ടപ്പെട്ടതല്ലാതെ മറ്റൊന്നും ബാഗില്‍ ഇല്ലായിരുന്നു. ഇറ്റലിയിലെ റെയില്‍വേ സ്‌റ്റേഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും വന്‍തട്ടിപ്പു സംഘം റോന്ത് ചുറ്റുന്നുണ്ട്.

ഈ സംഘങ്ങള്‍ കൂട്ടമായിട്ടാണ് എത്തുന്നത്. വളരെ ശ്രദ്ധയോടെയാണ് അവര്‍ തട്ടിപ്പു നടത്തുന്നത്. യാത്രയ്ക്ക് പോകാന്‍ നില്‍ക്കുന്ന ആളിന്റെ അടുത്ത് വന്നു എന്തെങ്കിലും വിവരം ചോദിച്ചു ശ്രദ്ധ തിരിക്കുക, ഈ സമയം കൂട്ടാളി ബാഗുമായി കടന്നു കളയുക അല്ലെങ്കില്‍ പോക്കറ്റിടിക്കുക തുടങ്ങിയ വിവിധ രീതികളാണ് അവലംബിക്കുന്നത്. മലയാളികള്‍ സ്വര്‍ണ്ണം ധരിക്കുന്നതും നാട്ടില്‍ പോകുമ്പോള്‍ പണം കൊണ്ട് പോകാനുള്ള സാധ്യതയും എങ്ങനെയെകിലും മനസിലാക്കിയ സംഘം തന്നെയാവണം തട്ടിപ്പിന്റെ പിന്നിലെന്ന് പോലിസ് സംശയിക്കുന്നതു. ഇറ്റലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും റോമിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാണ് ഒട്ടുമിക്ക മലയാളികളും യാത്ര ചെയ്യുന്നത്. ഇത് നന്നായി മനസിലാക്കിയട്ടുള്ളവരാണ് കവര്‍ച്ചയുടെ പിന്നിലെന്നത് വ്യക്തമാണ്. അതുകൊണ്ടു റോമില്‍ കവര്‍ച്ച ഒരു നിത്യസംഭവമായി മാറി.

എന്നാല്‍ പോലീസിനോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് മലയാളികള്‍ പറയുന്നത്. തിരക്കേറിയ സ്ഥലങ്ങളും സിസി ടിവിയില്‍ പതിയാത്ത മേഖലകളും കേന്ദ്രികരിച്ച് പിടിച്ചു പറിയും മോഷണവും തുടരുന്നതിനാല്‍ പോലീസിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലയെന്നത് തന്നെ കാരണം. കാര്യമായി അന്വേക്ഷണം നടക്കുന്നെണ്ടെങ്കിലും പോലീസിനു ഈ സംഘത്തെ മൊത്തം പിടികൂടാനായിട്ടില്ല എന്നത് സംഭവത്തിന്റെ ഗൗരവം കൂടുതല്‍ വര്‍ദ്ദിപ്പിക്കുന്നു. എല്ലാ ആഴ്ചയിലും തന്നെ മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ എന്ത് ചെയ്യണമെന്നു ആറിയാതെ വിഷമിക്കുകയാണ് ഇവിടുത്തെ മലയാളികള്‍. വര്‍ദ്ദിച്ചുവരുന്ന ഇത്തരം സംഭവങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ആശങ്കാകുലരാണ്. ഇറ്റലി എന്ന രാജ്യത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് ഒരിക്കല്‍ നഷ്ടപ്പെടുന്ന രേഖകള്‍ വീണ്ടും ഉണ്ടാക്കാനുള്ള കാലതാമസവും മലയാളികളെ വലയ്ക്കുകയാണ്.

മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരമായ മാര്‍ഗ്ഗം. ഇന്ത്യക്കാര്‍ നാട്ടില്‍ പോകുമ്പോള്‍ ആഭരണങ്ങളും, പണവും കൊണ്ടുപോകുന്നതു വ്യക്തമായി അറിയാവുന്ന കവര്‍ച്ച സംഘം മോഷണം പതിവാക്കിയിരിക്കുന്നതിനാല്‍, ആഭരണം ധരിച്ച് പുറത്ത് പോകുന്നതും, അവ ബാഗുകളില്‍ സൂക്ഷിച്ചു യാത്രചെയ്യുന്നതും അതീവ ജാഗ്രതയോടെ ചെയ്യുക. ഏതെങ്കിലും കാരണവശാല്‍ സാധങ്ങള്‍ നഷ്ടപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട അധികൃതരെ ഉടനെ വിവരം അറിയിക്കുക. തുടരെ തുടരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പോലീസിന് ഈ കാര്യങ്ങളില്‍ പുതിയ നീക്കങ്ങള്‍ നടത്താന്‍ സാധിക്കും. അല്ലെങ്കില്‍ പല സംഭവങ്ങളും ഒറ്റപ്പെട്ട സംഭവമായി കരുതാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
NB: മോഹനദാസന്‍ എന്ന പേരില്‍ എന്തെങ്കിലും രേഖകള്‍ കണ്ടെത്തുകയാണെങ്കില്‍ സിസിലിയായിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഭാരവാഹികളെ അറിയിക്കുക.