ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തു എന്ന് മുഖ്യമന്ത്രി ; നിയമസഭയില്‍ പ്രതിപക്ഷബഹളം
തിരുവനന്തപുരം : മറൈൻ ഡ്രൈവ് സംഭവത്തിൽ ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകക്കെടുത്തതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്ത് വന്നു. തുടര്‍ന്ന്‍ പ്രക്ഷുബ്ധമായ നിയമസഭ നിർത്തിവെച്ചു. പൊലീസ് ശിവസേനക്ക് ഒത്താശ ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടർന്നുണ്ടായ പ്രതിപക്ഷ ഭരണപക്ഷ എം.എൽ.എമാരുടെ വാക്കേറ്റം ബഹളം മൂത്ത് നടുത്തളത്തിൽ കുത്തിയിരിക്കുന്നതിലും എത്തുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാരും ഭരണപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രക്ഷുബ്ധമായ സഭ നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു. ശിവസേനക്കാരുടെ സദാചാര ഗുണ്ടായിസം തടുക്കുന്നതിൽ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി നേരത്തെ സഭയിൽ പ്രസ്താവിച്ചിരുന്നു. സദാചാര ഗുണ്ടായിസം നടത്തുന്നവർക്കെതിരെ കാപ്പ ചുമത്തുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.20 ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി. നടപടിയെടുക്കാന്‍ വൈകിയാല്‍ പോലീസിനെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. സംസ്ഥാനത്ത് പോലീസ് സംവിധാനം താറുമാറായെന്നും കൊച്ചിയില്‍ ശിവസേനക്കാര്‍ക്ക് പൊലീസ് ഒത്താശ ചെയ്‌തെന്ന് പ്രതിപക്ഷം. ഗുണ്ടകള്‍ എത്തും മുന്‍പ് പൊലീസ് തന്നെ 16 പേരെ എഴുന്നേല്‍പ്പിച്ച് വിട്ടെന്നും ചെന്നിത്തല ആരോപിച്ചു. ശിവസേനയുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കിനിന്നുവെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും ആരോപിച്ചു