പൂഞ്ഞാറില്‍ കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ ശ്രമം

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കോരത്തോട്ടില്‍ കൊമ്പുകുത്തി പ്രദേശത്ത് കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ ശ്രമം. ജനപക്ഷം പാര്‍ട്ടിയുടെ വാര്‍ഡ്‌ പ്രസിഡന്റ് ശ്രീധരന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഏകദേശം ഇരുന്നൂറു കിലയോളം ഭാരം വരുന്ന കരടി വീണത്. കിണറ്റിന്റെ കൈവരി തകര്‍ത്താണ് കരടി ഉള്ളിലേയ്ക്ക് വീണത്. കരടിയെ പിടികൂടാന്‍ ഫോറസ്റ്റ് സംഘം സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കരടി നാട്ടില്‍ ഇറങ്ങിയത് അറിഞ്ഞ പ്രദേശവാസികള്‍ ഭയപ്പാടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരില്‍ ചിലര്‍ കരടിയെ കണ്ടിരുന്നു.  ഇതുവരെ കരടി ആരെയെങ്കിലും ആക്രമിച്ചു എന്ന വാര്‍ത്തകള്‍ കിട്ടിയിട്ടില്ല. വേനല്‍ കടുത്തത്‌ കാരണം ജലം അന്വേഷിച്ചാകാം കരടി നാട്ടില്‍ എത്തിയത് എന്ന് പ്രദേശവാസികള്‍ പറയുന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയും കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.നാളെ തിരുവനന്തുപുരത്തു നിന്നുള്ള സംഘമെത്തി മയക്കുവെടിവെച്ച ശേഷമേ കരടിയെ പുറത്തെടുക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. മോട്ടര്‍ ഉപയോഗിച്ച്‌ പന്പു ചെയ്യുന്നതിനിടെ വെള്ളം കയറാതെ വന്നതിനെ തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോഴാണ് വീട്ടുകാര്‍ കരടിയെ കണ്ടത്.