ആദരാഞ്ജലികള്‍: ഡബ്ലിനിലെ കെവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഡബ്ലിന്‍: ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സാഗട്ട് സെന്റ് മേരീസ് പള്ളി സിമിത്തേരിയില്‍ നടത്തപ്പെട്ടു. സിറ്റി വെസ്റ്റിലെ പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകനാണ് പതിനൊന്ന് വയസുകാരനായ കെവിന്‍ ഷിജി.
ഇന്ന് രാവിലെ സിറ്റി വെസ്റ്റിലെ ഷിജിയുടെ ഭവനത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിന് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ആന്റണി ചീരംവേലില്‍,ഫാ.ജോസ് ഭരണികുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് വിലാപയാത്രയായി സാഗട്ട് പള്ളിയിലെത്തിച്ച ഭൗതീക ദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ അവിടെ കാത്തു നിന്നിരുന്നു.
സഹപാഠിയുടെ സഹപാഠിയുടെ മരണത്തില്‍ ദുഃഖനിമഗ്ദരായ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ പുഷ്പഹാരങ്ങളുമായി കാത്തു നിന്ന് കെവിന് അന്ത്യോപചാരം അര്‍പ്പിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കെവിന് അവര്‍ ആദരവേകിയത്. സിറ്റി വെസ്റ്റിലെ തയ്‌കൊണ്ടാ സംഘം യൂണിഫോമിലാണ് കെവിന് യാത്രപറയാന്‍ എത്തിയത്.
ഫൂണറല്‍ മാസിന് സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡബ്ലിനിലെ സീറോ മലബാര്‍ ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലില്‍, വായ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്റ്റര്‍ ഫാ.ജോര്‍ജ് അഗസ്റ്റിന്‍, ലോങ്ങ് ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.റെജി കുര്യന്‍,ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ ചുമതലക്കാരനും, നോക്ക്‌ലേന്‍ പള്ളി വികാരിയുമായ ഫാ. മാര്‍ട്ടിന്‍ പൊറേക്കാരന്‍, ഫാ.ജോസഫ് വെള്ളനാല്‍, ഫാ. സിജി (മൈനൂത്ത് )ഫാ.ജോണ്‍ കെല്ലി,ഫാ.ജോണ്‍ വാര്‍ഡ് (താലാ ഹോസ്പിറ്റല്‍) ഫാ. പാറ്റ് മക്കില്‌നി എന്നിവരും സഹോദര സഭകളെ പ്രതിനിധീകരിച്ച് ,ഫാ.അനീഷ് കെ സാം,ഫാ.കെ എം ജോര്‍ജ് (ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ഫാ. എല്‍ദോ, ഫാ.ജിനോ, ഡീക്കന്‍ ജോബില്‍ യൂവാക്കിം (യാക്കോബായ സഭ) റവ. ജെയിംസണ്‍ (മാര്‍ത്തോമാ ചര്‍ച്ച്) എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു.
ഫാ.ജോസ് ഭരണികുളങ്ങര, കെവിന്റെ വേദപാഠ അധ്യാപിക ബീന ജെയ്മോന്‍, സാഗട്ട് സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നോവലെന്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.കെവിന്റെ അങ്കിള്‍ ജോസഫ് ഏവരെയും കുടുംബാംഗങ്ങളുടെ കൃതഞ്ജത അറിയിച്ചു.
സംസ്‌കാര ശുശ്രൂഷയുടെ അന്തിമഘട്ടം സീറോ മലബാര്‍ റീത്തിലായിരുന്നു.ഫാ.ജോസ് ഭരണികുളങ്ങര അന്തിമഘട്ട ശുശ്രൂഷകള്‍ക്ക് കാര്‍മികനായി.
സെന്റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സിമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്.
മജു പേക്കല്‍