ഒരു യുവാവിന്റെ ജീവന് എടുത്തിട്ടും അവരുടെ സദാചാരകുരുപൊട്ടല് തീര്‍ന്നില്ല ; സദാചാര ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി
കൊല്ലം അഴീക്കലില്‍ പ്രണയദിനത്തിന്റെ അന്ന് കമിതാക്കള്‍ക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം നടന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ആക്രമിച്ചവര്‍ തന്നെ അതിന് ഇരയായ കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആക്രമണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും അതിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ അവിടംകൊണ്ടും പ്രശ്നങ്ങള്‍ തീര്ക്കുവാനല്ല അക്രമികളുടെ തീരുമാനം. കേസുമായി മുന്നോട്ടുപോയാല്‍ കൊന്നുകളയുമെന്നാണ് ഇരയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്ന ഭീഷണികള്‍. പെണ്‍കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടാണ് അജ്ഞാതര്‍ ഭീഷണി മുഴക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസിന് പരാതി നല്കി. പാലക്കാട് കാരറ സ്വദേശി അനീഷാണ് ആത്മഹത്യ ചെയ്തത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ ധനേഷ്, രമേഷ് എന്നീ രണ്ടുപേര്‍ക്കെതിരെ വ്യക്തമായ പരാമര്‍ശം ഉണ്ടായിരുന്നു. സദാചാര ഗുണ്ടാ ആക്രമണത്തിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അനീഷ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നതില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തത്.