നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍ ; കുഞ്ഞിനെയും കണ്ടെത്തി
പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നാണ് കുഞ്ഞിനെ പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ റാന്നി സ്വദേശിനി ലീനയെ പോലീസ് പിടികൂടി. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിത ദമ്പതികളുടെ നാലുദിവസം പ്രായമായ മകനെ വ്യാഴാഴ്ച രാവിലെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ നിന്നായിരുന്നു കാണാതായത്. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് കുഞ്ഞിനെ അജ്ഞാത സ്ത്രീ കടത്തിക്കൊണ്ടുപോയതായി കണ്ടെത്തിയിരുന്നു. 30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിരുന്നു. എട്ടിന് ഇവര്‍ ധരിച്ചിരുന്ന വസ്ത്രമല്ല സംഭവം നടന്ന ഒന്‍പതിന് ദൃശ്യങ്ങളില്‍ കാണുന്നത്. അതിനാല്‍ ഇവര്‍ സമീപത്തെ ലോഡ്ജുകളിലോ മറ്റോ താമസിച്ചാണോ ഇതിനുള്ള തയ്യാറെടുപ്പ് നടത്തിയത് എന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.50നാണ് അനിത (29) ആണ്‍കുഞ്ഞിന് ജില്ല ആശുപത്രിയില്‍ ജന്മം നല്‍കിയത്. സജി-അനിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. രണ്ടാമതൊരു കുട്ടികൂടി പിറന്നതുകൊണ്ട് പ്രസവം നിര്‍ത്താന്‍ തീരുമാനിക്കുകയും ചൊവ്വാഴ്ച പി.പി.എസ് ഓപറേഷന് നടത്തുകയും ചെയ്തു. തുടര്‍ന്ന് അനിതയെ ലേബര്‍ റൂമിനോട് ചേര്‍ന്നുള്ള മുറിയിലാണ് കിടത്തിയിരുന്നത്.പരിചരണത്തിനായി അനിതയുടെ മാതാവാണ് കൂടെയുണ്ടായിരുന്നത്. ഇവര്‍ രാവിലെ 10.30 ആയതോടെ കുട്ടിയെ സജിയെ ഏല്പിച്ചശേഷം വസ്ത്രങ്ങള്‍ കഴുകാന്‍ പുറത്തുപോയി. ഇതിനിടയില്‍ ഡോക്ടര്‍ ലേബര്‍ റൂമിലത്തെി. ഈ സമയത്താണ് ആശുപത്രി ജീവനക്കാരി എന്ന വ്യാജേന ചന്ദനക്കളറുള്ള ചുരിദാര്‍ ധരിച്ച് മെലിഞ്ഞ ശരീരവും കറുത്ത നിറവുമുള്ള യുവതി സജിയില്‍നിന്ന് കുഞ്ഞിനെ വാങ്ങി അകത്തേക്കുകയറിയത്. അല്പസമയം കഴിഞ്ഞപ്പോള്‍ അനിത മുറിയില്‍ നിന്നത്തെി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്കു കൊടുത്തുവിട്ടു എന്ന് സജി പറഞ്ഞു. ഇതോടെയാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.