യു.പി പിടിച്ചടക്കി ബി ജെ പി; ഗോവയും മണിപ്പൂരും കോണ്ഗ്രസിനൊപ്പം; ഭരണവിരുദ്ധ വികാരം പ്രകടം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ലീഡ്. എസ്.പികോണ്‍ഗ്രസ് സഖ്യത്തേയും ബി.എസ്.പിയേയും ബഹുദൂരം പിന്തള്ളിയാണ് 300ലധികം സീറ്റുകളില്‍ ലീഡ് കരസ്ഥമാക്കിയ ബി.ജെ.പി ഭരണം ഉറപ്പിച്ചത്.അതുപോലെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ഉത്തരാഖണ്ഡിലും ബി.ജെ.പി മുന്നില്‍ എത്തി . ഭരണപ്രതിസന്ധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ സംഭവബഹുലമാക്കിയിരുന്നു. ഇഞ്ചോടിച്ച് പോരാട്ടമാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചതെങ്കിലും വലിയ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. അതേസമയം പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെയ്കുന്നു. പഞ്ചാബില്‍ ഭരണകക്ഷിയായ ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് കനത്ത തകര്‍ച്ചയാണ് നേരിട്ടത്. കോണ്‍ഗ്രസിനാണ് ഇവിടെ ഭരണം ലഭിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. അതേസമയം മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ മണ്‍ഡ്രേം മണ്ഡലത്തില്‍ തോറ്റത് ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ട്.
എന്നാല്‍ വ്യക്തമായ ഭരണവിരുദ്ധവികാരമാണ് എല്ലാ സംസ്ഥാനങ്ങളിലും കാണുവാന്‍ കഴിയുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ വന്‍ മുന്നേറ്റം ദൃശ്യമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും സമാജ്‌വാദി പാര്‍ട്ടിക്കു കാര്യമായ ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ബിജെപി ഭരണത്തിലേക്കാണ് കുതിക്കുന്നത്.അതുപോലെ ബിജെപി അകാലിദള്‍ സംഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇവിടെ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നേറുകയാണ്. ആം ആദ്മിയും ഇവിടെ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച രീതിയില്‍ അകാലിദള്‍ സഖ്യം തകര്‍ന്നടിഞ്ഞിട്ടില്ല.കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഭരണകക്ഷിക്കു തിരിച്ചടി നേരിടുകയാണ്. യുപിയിലെ പോലെ ഇവിടെയും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയില്‍ ഇതുവരെ പുറത്തുവന്ന ആദ്യ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് നാലു സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്.