നാടിനെ വിറപ്പിച്ച കൊലയാളി മറ്റൊരാളെയും വകവരുത്തി
കൈപ്പുഴ ജോണ്‍ മാത്യു
ബര്‍ലിന്‍: ഒന്‍പതുകാരനെ കൊന്ന് ജര്‍മന്‍ പൊലീസിന് പിടികൊടുക്കാതെ നാടിനെ വിറപ്പിച്ച മാഴ്‌സല്‍ ചെസ്സെ (19) മറ്റൊരാളെ കൂടി വക വരുത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി. ജര്‍മനിയിലെ ഹേര്‍ണെ നഗരത്തിലാണ് സംഭവം. മനഃസാക്ഷി മരവിച്ച കൊലകളാണ് മാഴ്‌സല്‍ ചെസ്സെ നടത്തിയെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പൊലീസും പ്രോസിക്യൂട്ടറും വെളിപ്പെടുത്തി. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്ന് മെഴ്‌സിലിനെ ചോദ്യം ചെയ്തശേഷം പൊലിസ് വിലയിരുത്തി.
ഒന്‍പതുകാരന്‍ ജാസനെ വിളിച്ച് വരുത്തി വീടിന്റെ ബേസ്‌മെന്റില്‍ വച്ച് 52 പ്രാവശ്യം കത്തി കൊണ്ട് കുത്തി മരണം ഉറപ്പാക്കുകയായിരുന്നു. കൊലയ്ക്കുശേഷം ചിത്രീകരിച്ച ചിത്രം ഡാര്‍ക്ക് നെറ്റ് എന്ന ഇന്റര്‍നെറ്റ് പേജില്‍ പോസ്റ്റ് ചെയ്തു.
സംഭവത്തിനുശേഷം ക്രിസ്റ്റഫ് (22) എന്ന സുഹൃത്തിന്റെ വസതിയില്‍ അഭയം തേടി. മൂന്ന് ദിവസം അവിടെ കഴിഞ്ഞു. സുഹൃത്തിന് മാഴ്‌സിലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അയാളെയും വക വരുത്താന്‍ പദ്ധതിയിടുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. അറുപത്തിയെട്ട് പ്രവാശ്യം കുത്തിയാണ് ഇയാളെ വകവരുത്തിയത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ഇയാളുടെ വസതിയില്‍ തീ ഇട്ടശേഷം അടുത്ത സ്പീഡ് ഫുഡ് കടയിലെത്തി പൊലീസിനെ വിളിക്കാന്‍ പറഞ്ഞു. പാഞ്ഞെത്തിയ പൊലീസ് ഇയാളെ കയ്യാമം വയ്ക്കുകയായിരുന്നു.
മൂന്നു ദിവസം 1500 ലധികം പൊലീസുകാര്‍ നാട് നീളെ വലവിരിച്ചുവെങ്കിലും ഇയാളെ പിടിക്കാന്‍ സാധിച്ചില്ല. ഈ ദിവസങ്ങളില്‍ ഒന്നര ലക്ഷത്തോളം ജനവാസമുള്ള ഹെര്‍ണെ നഗരത്തിലെ കുട്ടികളെ പുറത്ത് വിടാതെ മാതാപിതാക്കള്‍ കാവല്‍ നില്‍ക്കുകയായിരുന്നു. മാഴ്‌സല്‍ ചെസ്സെയുടെ അറസ്റ്റോടെ ജനം ആശ്വാസത്തിലാണ്.