മണിപ്പൂരിനുവേണ്ടി 16 വര്‍ഷം നിരാഹാരം കിടന്ന ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് വെറും 51 വോട്ട്

പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷമായി  നിരാഹാരം കിടന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്ക് ആകെകൂടി ലഭിച്ചത്  51 വോട്ട് എന്ന് റിപ്പോട്ടുകള്‍. കോണ്‍ഗ്രസിന്റെ നിലവിലെ മുഖ്യമന്ത്രിയായ ഒക്രാം ഇബോബിയ്ക്ക് എതിരെ വെറും 51 വോട്ടുകളാണ് ശര്‍മിളയ്ക്ക് ലഭിച്ചത്. മൂന്നുതവണ മുഖ്യമന്ത്രിയായ ഇബോബി പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ബസന്ത സിങ് ആണ് ഇവിടെ രണ്ടാമത്. തൗബാലിനെ കൂടാതെ ഖുറായ്  മണ്ഡലത്തിലും ഇറോം മത്സരിച്ചിരുന്നു. ഇറോം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ഇറോം ശര്‍മ്മിള എത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ശര്‍മിള നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. നിയമം മാറ്റണമെങ്കില്‍ രാഷ്ട്രീയം മാത്രമേ വഴിയുള്ളൂ  എന്ന് പ്രഖ്യാപിചാണ് അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. എന്നാല്‍, നിരാഹാരം അവസാനിപ്പിച്ച ശര്‍മിളയ്ക്ക് എതിരെ മണിപ്പൂരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.