നോട്ടുനിരോധനത്തിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ വിജയം എന്ന് സുരേഷ്ഗോപി

കോഴിക്കോട്​ : നോട്ട് അസാധുവാക്കലിനെ എതിർത്തവർക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം എന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മറിച്ച്​ മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത്​ പിന്തുണയുമായി സുരേഷ്​ ഗോപി രംഗത്ത്​ വരുകയും പണം മാറ്റി വാങ്ങുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അതിനായി ഇനിയും സമയമുണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വിജയിച്ചത് നോട്ട് നിരോധനം നടപ്പാക്കിയതുകൊണ്ടല്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഈ പരാമര്‍ശമുള്ളത്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചതെന്നും ശിവസേന ചൂണ്ടിക്കാട്ടി.