ഗോവയില്‍ ഭരണം പിടിക്കാന്‍ കരുനീക്കം ശക്തം ; മുഖ്യമന്ത്രിയാകുവാന്‍ കേന്ദ്രമന്ത്രി പരീക്കര്‍ മന്ത്രിസ്ഥാനം രാജിവച്ചു, എന്‍സിപിയുടെ പിന്തുണ ബിജെപിക്ക്
പനാജി : ഭരണം പിടിക്കാന്‍ ബിജെപിയും കോണ്ഗ്രസും ശക്തമായ അണിയറ നീക്കങ്ങള്‍ നടക്കുകയാണ് ഗോവയില്‍. ഇതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കറെ മുന്നില്‍നിര്‍ത്തി ഗോവയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് രാജി. പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു. അതുപോലെ കേരളത്തില്‍ എല്‍ ഡി എഫിന്‍റെ ഭാഗമായ എന്‍സിപിയും ഗോവയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഗോവയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഭരണം നേടാന്‍ നാല് അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും. 40 അംഗ നിയമസഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. സ്വതന്ത്രന്‍മാര്‍ക്ക് ഗോവയില്‍ ആര് ഭരണത്തില്‍ വരണമെന്ന് തീരുമാനിക്കാന്‍ സാധിക്കും. ഇവരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപി അണിയറ നീക്കങ്ങള്‍ നടത്തുന്നത്. മുന്‍ ബിജെപി അംഗമായ ഗോവിന്ദ് ഗൗഡ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. അതേസമയം ബിജെപിയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നിരീക്ഷിക്കുന്നുണ്ട്. ഗോവ ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധ്യത കൂടുന്നതായി മനസിലാക്കി തങ്ങള്‍ പ്രതിപക്ഷമാകുവാന്‍ തയ്യാറാണ് എന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.