ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയിലേയ്ക്ക്


തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയില്‍ ഉള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന്‍. പൊലീസ് വീഴ്ച വിമര്‍ശിക്കപ്പെട്ടതും പ്രേരണക്കുറ്റം ചുമത്തുന്നതില്‍ ഹൈകോടതി സംശയവും പ്രകടിപ്പിച്ചതുമായ സാഹചര്യത്തില്‍ തെളിവുകള്‍ ബലപ്പെടുത്തിയുള്ള റിപ്പോര്‍ട്ടും രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തയാറാക്കിക്കഴിഞ്ഞതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ മാതാവും പിതാവും തന്നെ സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് കേസിന്റെ ഇപ്പോഴത്തെ സ്ഥിതി ആരാഞ്ഞിരുന്നു. കോടതിയില്‍നിന്ന് ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ഗൗരവത്തോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

അതേസമയം കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് റദ്ദാക്കാനുള്ള അപ്പീല്‍ ബുധനാഴ്ച പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കഴിഞ്ഞ വ്യാഴാഴ്ച അപേക്ഷ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും രേഖകള്‍ ലഭ്യമാകുന്നതിനെടുത്ത കാലതാമസത്തെ തുടര്‍ന്നാണ് വൈകിയത്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയായ എ.എസ്.പി കിരണ്‍ നാരായണനുമായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു തിങ്കളാഴ്ച കൊച്ചിയില്‍ ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ തീരുമാനിക്കും.