കൊച്ചി കായലില്‍ ദൂരുഹ സാഹചര്യത്തില്‍ സിഎ വിദ്യാര്‍ത്ഥിനി മരിച്ചത് കൊലപാതകമോ? ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിറവം നഗരസഭയുടെ സര്‍വകക്ഷി യോഗം


കൊച്ചി: കൊച്ചിയിലെ കായലില്‍ ദൂരുഹ സാഹചര്യത്തില്‍ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി (18)യുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തുവന്നു. മിഷേല്‍ മരിച്ച ദിവസം ബൈക്കില്‍ രണ്ടു പേര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടയാണ് സംഭവത്തിന് മറ്റൊരു ലക്ഷ്യമുള്ളതായി സംശയം ബലപ്പെട്ടത്.

എന്നാല്‍ പൊലീസിന് കാര്യമായ സൂചനയൊന്നും മരണത്തില്‍ ലഭിച്ചിട്ടുമില്ല. അതേസമയം മരണത്തിന് ഒരാഴ്ച മുന്‍പു ഒരു യുവാവ് പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. ഇങ്ങനെയുള്ള ചില സംഭവങ്ങളുമായി ഈ മരണത്തെ കൂട്ടിവായിക്കുമ്പോള്‍ ദൂരൂഹത ബലപ്പെടുന്നു. പോലീസിന്റെ അന്വേക്ഷണം കാര്യമായി തുടര്‍ന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് മിഷേലിന്റെ ബന്ധുക്കള്‍ പറയുന്നത്.

ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സിഎ വിദ്യാര്‍ത്ഥിനിയുമായ മിഷേല്‍ കഴിഞ്ഞ അഞ്ചിനാണു കാണാതായത്. പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലില്‍ മിഷേലിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. മരണം അന്വേഷിക്കുന്ന പോലീസ് ഇത് ആത്മഹത്യയാണെന്നാണ് പറയുന്നത്. എന്നാല്‍ തന്റെ മകളുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനം വിശ്വാസയോഗ്യമല്ലെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം പെരിയപ്പുറം സ്വദേശി ഷാജി വര്‍ഗീസ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയട്ടുണ്ട്.

ഇതിനിടയില്‍ പിറവം നഗരസഭ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍വ്വ കക്ഷി യോഗം വിളിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അനൂപ് ജേക്കബ് എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേക്ഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണവും, മറ്റു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനോടകം തന്നെ #Justice4Mishel …എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കില്‍ വിവിധ കൂട്ടായ്മകള്‍ ക്യാമ്പയ്നിങ് തുടങ്ങിയിട്ടുമുണ്ട്.