മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ; ആരാണ് മിഷേല്‍


കൊച്ചി: മിഷേലിന്റെ ദുരൂഹ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം  എന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ രംഗത്ത്. പെണ്‍കുട്ടി പ്രമുഖ അല്ലാത്തതു കൊണ്ടാണോ പോലിസും ബന്ധപ്പെട്ട അധികാരികളും വേണ്ടത്ര താല്‍പര്യം കാണിക്കാത്തതെന്ന ചോദ്യമാണ്  ഇവര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ആഴ്ച്ച കൊച്ചി കായലില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചിരുന്നു. സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്‍റെ മൃതദേഹമാണ് കായലില്‍ നിന്നും ലഭിച്ചത്. മിഷേലിന്റെ മൃതദേഹം ലഭിച്ച ഉടന്‍ തന്നെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന്‍ സോഷ്യല്‍ മീഡിയയും സംഭവം ഏറ്റെടുക്കുകയായിരുന്നു. ജിഷയ്ക്കും ജിഷ്ണുവിനും വേണ്ടി രംഗത്ത് വന്നത് പോലെ ജസ്റ്റിസ്‌ഫോര്‍മിഷേല്‍ എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും എവിടെയെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സദാചാര ഗുണ്ടായിസത്തിനെതിരേ ചുംബനസമരം നടത്തിയവരെ കാണാനില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മിഷേലിനെ കാണാതായ കഴിഞ്ഞ ഞായറാഴ്ച, കലൂര്‍ പള്ളിയില്‍ നിന്നു മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തില്‍ ചിലരെ സംശയകരമായി കണ്ടതാണ് ബന്ധുക്കള്‍ വിശദമായ അന്വേഷണം വേണമെന്ന് പറയാന്‍ കാരണം. പള്ളിയില്‍ നിന്ന് മടങ്ങുന്ന പെണ്‍കുട്ടി പോവുന്ന വഴിയില്‍ സംശകരമായ തരത്തില്‍ ബൈക്കിലെത്തിയ യുവാക്കളെ സിസിടിവിയില്‍ കാണുന്നുണ്ട്. യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയതെന്നു ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കാണാതായതിന് തൊട്ടടുത്ത ദിവസമാണ് ഐലന്റിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.   പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണു  പോലിസിന്റെ പ്രാഥമിക നിഗമനം. വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടിരുന്നില്ല. മറ്റെവിടെയെങ്കിലും വച്ച് അപായപ്പെടുത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്.