ബത്ത മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
വന്ന് വന്നിപ്പോ എത്തിപ്പെട്ടത് ബത്തയിലാണ്. ആടുജീവിതത്തിലെ നജീബ് അവസാനമായി എത്തിപ്പെട്ട അതേ ബത്ഹയില്‍. ലാവണ്യയും പാരഗണും റിജന്സിയുമെല്ലാം കണ്ടെങ്കിലും മലബാര്‍ റെസ്റ്റോറന്റ് ഇത് വരെ കണ്ടെത്തിയിട്ടില്ല. പിന്നെ കുഞ്ഞിക്കമാര് അവരെ പറ്റി പിന്നെ പറഞ്ഞ് തരാം..
കോഴിക്കോട്ടങ്ങാടിക്ക് മുട്ടായിത്തെരുവ് പോലെ ഹൈദരാബാദിന് ചാര്മിനാരര് പോലെ ഡല്‍ഹിക്ക് ചാന്ദ്നിചൌക്ക് പോലെ റിയാദെന്ന മഹാനഗരത്തിന്റെ ഹൃദയമാണ് ബത്ഹ. ഒച്ചപ്പാടുകളും കോലാഹളങ്ങളും നിറഞ്ഞ ഒറിജിനല്‍ അങ്ങാടി. ബത്ഹ വിട്ട് റിയാദൊരുപാട് വളര്‍ന്നപ്പോള്‍ സ്വദേശികള്‍ പരദേശികള്‍ക്ക് തീറെഴുതി കൊടുത്തതാണോ എന്നറിയില്ല, ബത്ത ഇപ്പോള്‍ സൌദികളുടേതല്ല. യമനികളും മലയാളികളും സുഡാനികളും ഫിലിപ്പൈനികളും നേപ്പാളികളും വീതം വെച്ചെടുത്ത ഒരു ഗ്ലോബല്‍ വില്ലേജാണ്.
ആഗോളീകരണത്തോടെ ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജാക്കാമെന്ന ആശയമൊക്കെ മുളക്കുന്നതിനും കാലങ്ങള്‍ക്ക് മുമ്പ് മരുഭൂമിയില്‍ പൊന്ന് വിളയിക്കാന്‍ ചെന്നവര്‍ കണ്ട് പിടിച്ച ആഗോള ഗ്രാമം. അവിടെ മലയാളികള്‍ക്ക് സ്വന്തമെന്ന് പറയാന്‍ ഒരു കേരളമാര്ക്കറ്റുണ്ട്. അവിടെ കോഴിക്കോട്ടെ ഏതെണ്ടെല്ലാം കടകളുമുണ്ട്. പഴം പൊരിയും കായപ്പവും ഇഡ്ഡലിയും ദോശയുമുണ്ട്, കോട്ടക്കല്‍ ആര്യവൈദ്യശാലയും അക്ബര്‍ ട്രാവല്സുമുണ്ട്. കെ.കെ ബേക്കറിയും പാരഗണ്‍ റെസ്റ്റോറണ്ടുമുണ്ട്. അരിയുണ്ട് പയറുണ്ട് കര്മ്മുസയുണ്ട് കറിവേപ്പിലയുണ്ട് എന്ന് വേണ്ട ഉമ്മയും ബാപ്പയുമല്ലാത്ത നാട്ടിലെ സകല കുണ്ടാമണ്ടികളും കിട്ടാനുണ്ട്.
വരാന്തകള്‍ നിറയെ കോയയും അബോക്കിറും ബാലനും ചേട്ടനുമൊക്കെ തന്നെയാണ്. മലയാളീസിന് മാത്രമല്ല യമനികള്‍ക്കും ബംഗാളികള്‍ക്കും സുഡാനികള്‍ക്കും നേപ്പാളികള്‍ക്കും പാകിസ്താനികള്‍ക്കും ഫിലിപ്പൈന്‍സിനും സ്വന്തമായി മാര്‍ക്കറ്റുകളുണ്ട്. അന്യനാട്ടില്‍ സ്വന്തമെന്നോണം നിര്‍മ്മിച്ചെടുത്ത ഓരോ ഇടങ്ങള്‍. തമ്മില്‍ കാണാനും നാട്ടുവര്‍ ത്തമാനങ്ങള്‍ പങ്ക് വെക്കാനും കണ്ടെത്തിയ ഓവുപാലങ്ങള്‍. അപ്പോ ഇന്ത്യക്കാര്‍ക്കോ എന്ന് ചോദിക്കണ്ട. ഗള്‍ഫ് രാജ്യങ്ങളിലെത്തിയാല്‍ കേരളമാണ് രാജ്യം.
ഓവുപാലങ്ങളെന്ന് പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. ഇവിടെ മലയാളികള്‍ക്ക് സ്വന്തമായി സങ്കടക്കല്ലുകളുണ്ടത്രേ.. അതായത് നാട് വിട്ട് മറുനാട്ടിലെത്തിയവന് സങ്കടബാണ്ഡങ്ങളിലറക്കി വെക്കാന്‍ വേണ്ടി വന്നിരിക്കുന്ന കല്ലുകള്‍. അല്പകാലം മുമ്പ്, അതായത് വാട്സപ്പും ഫെയ്സ്ബുക്കും പ്രവാസലോകത്തെ സ്മാര്‍ട്ട് ഫോണിലേക്ക് ചുരുക്കും മുമ്പ്, നാട്ടുകാരെയും ബന്ധക്കാരെയും കാണാന്‍ വേണ്ടി മലയാളികള്‍ ഒരുമിച്ച് കൂടുന്ന ഇടം കൂടിയായിരുന്നത്രെ ബത്ത.
മനസ്സിലായില്ലേ….നാട്ടില്‍ നമ്മള് പണിയൊക്കെ കഴിഞ്ഞ് വന്ന് നാലാളെ കാണാന്‍ വേണ്ടി അങ്ങാടിയിലിറങ്ങാറില്ലേ.. അതേ പോലെ പ്രവാസ ലോകത്തെ അങ്ങാടി, ഓവുപാലം, ചായ്യപ്പീട്യ. പക്ഷെ അത് ആഴ്ച്ചയിലൊരിക്കലാവുമെന്ന് മാത്രം. ആ അങ്ങനെ ബത്തക്ക് ഒരുപാട് അയവിറക്കാനുണ്ട് പോലും. കുഴല്‍ ഫോണ്‍ വിളിക്കുന്നതും കുഴല്‍ പണം അയക്കുന്നതും നാട്ടിലേക്ക് സാധനം അയക്കുന്നതും തുടങ്ങി അങ്ങനെ അങ്ങനെ… ഒരുപാടോര്‍മ്മകള്‍. കേള്‍ക്കാന്‍ പൂതിയുണ്ട്.
ആ..ഞാനിപ്പം ബത്തയുടെ ചരിത്രം പറയാന്‍ വന്നതല്ലല്ലോ…
ബത്തയിലൂടെ പിടുത്തം വിട്ടങ്ങനെ നടക്കാന്‍ നല്ല ഹരമാണ്, പ്രത്യേകിച്ചും മനസ്ലാകെ എരിപിരി കൊള്ളുന്ന നേരത്ത്… ഓരോ കടകള്‍ക്ക് മുന്നിലും ഓരോരുത്തര് നിന്ന് ആ ജാഓ ബയ്യാന്ന് പറഞ്ഞ് നമ്മളയങ്ങനെ സത്ക്കരിക്കും. കയ്യിലൊരു മാങ്ങാത്തൊലിയുമില്ലാത്തതൊന്നും അവര്‍ക്ക് വിഷയമല്ല. നമ്മളൊന്ന് കേറിക്കണ്ട് പോണം. കുറച്ചപ്പുറത്തേക്ക് പോയാല്‍ നല്ല പാകിസ്ഥാന് പഠാനികള് തോളത്ത് കയ്യിട്ട് വിളിച്ച് കൊണ്ട് പോയി കാറിലിരുത്തും. അവര്‍ക്ക് നമ്മള് സുലൈക്കും ഖര്ജുക്കും പോണം. എത്ര പോരുന്നില്ലാന്ന് പറഞ്ഞാലും തിരിയൂല.. വെറുതെ ഇതിലൂടെയിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന നേരം ഖര്ജിക്ക് പോന്നാലെന്താന്നാ അവര്‍ പറയാതെ ചോദിക്കുന്നത്. വട്ടും തോപ്പുമിട്ട അറബികളാണ് ഇതിലും ഭീകരം. അടുത്തെങ്ങുമല്ല, ദമ്മാമും ജിദ്ദയുമൊക്കെയാണ്
അവരുടെ ലക്ഷ്യം. മര്യാദക്ക് റോഡിലൂടെ പോകുന്ന വണ്ടിയില്‍ നിന്നൊക്കെ ആളെയിറക്കി കൊണ്ട് പോകും. ഇതിന് പുറമെ ഒലയ്യ-ദല്ല, മലാസ്, അങ്ങനെ ലോക്കലടിക്കുന്ന മിനിബസ്സുകള് വേറെ. അവരുടെ അടുത്ത് വെറും തൊള്ള മാത്രമല്ല മൈക്രോഫോണൊക്കെ കാണും. എല്ലാം കൂടെ ബത്തയിലൂടെ അഞ്ച് മിനുട്ടങ്ങനെ നടന്നാല്‍ സ്നേഹത്തോടെയുള്ള ഒരു നൂറ് ക്ഷണങ്ങളെങ്കിലും കിട്ടും.പ്രവാസലോകത്തും നമ്മളെയൊക്കെ ആര്‍ക്കൊക്കെയോ വേണം എന്നൊരു തോന്നല്‍… ഒരു തരം പോസിറ്റീവ് എനര്ജിയിങ്ങനെ മനസ്സിലേക്കിറങ്ങി വരും.
ആ. പോസിറ്റീവ് എനര്‍ജി. അതും കൂടെ പറഞ്ഞ് നിറുത്താം. ജോലി തേടി തെണ്ടിനടക്കുന്നതിനിടക്ക് ബത്തിയിലൂടെ ഒന്ന് നടന്നാ മതി. ആ വക ടെന്ഷനുകളൊക്കെ പോയി കിട്ടും. ഏതൊക്കെ രീതിയിലൂടെയാണ് ജനങ്ങളിവിടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്. ഒരു ഉളിയും ചുറ്റികയുമായി മരാമത്ത് പണിക്കായി കാത്തിരിക്കുന്ന പാക്കിസ്ഥാനികള്‍. യാചനനടത്തിയും വ്യാജസിം വിറ്റും നടപ്പാലങ്ങളില് പോലും തമ്പടിച്ചവര്‍. ബലദിയ വന്നാല്‍ ഓടാന്‍ പാകത്തില്‍ ഉന്തുവണ്ടിയില്‍ പഴം പച്ചക്കറി കച്ചോടം നടത്തുന്നവര്‍. ടണ്ടാ പാനി വിറ്റും, തംബാക്കു കൊടുത്തും നാല് റിയാലുണ്ടാക്കുന്നവര്, വണ്ടിയിലേക്ക് ആളെ സംഘടിപ്പിച്ച് കമ്മീഷന് വാങ്ങുന്നവര്‍, വരാന്തകളില്‍ നിരവധി ഏറ്റംസ് നിരത്തി വില്ക്കുന്നവര്,തെരുവുകളില്‍ സുഗന്ധം പരത്തുന്ന അത്തറ് കച്ചോടക്കാര്, ഷൂ പോളിസ് ചെയ്തും ചെരുപ്പു തുന്നിയും നാല് കാശിന് വക കണ്ടെത്തുന്നവര്‍, ഹോട്ടലുകള്‍, തുണിഷോപ്പുകള്,ചെരുപ്പ് കടകള്‍, ട്രാവല്‍സുകള്‍,ജനറല്‍ സരവ്വീസ് ഓഫീസുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍,ക്ലിനിക്കുകള്‍, മെഡിക്കല്ഷോപ്പുകള്….. അങ്ങനെ അങ്ങനെ പലവിധത്തില്‍ പലരൂപേണെ ജീവിതത്തോട് സധൈര്യം ഏറ്റ് മുട്ടുന്നവര്‍. അങ്ങാടി വാണിഭത്തിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തി ജീവിക്കാനുള്ള വക കണ്ടെത്തുന്നവര്‍. പടച്ചോന് ഈ മണ്ണില്‍ ജീവിക്കാനായി പതിനായിരക്കണക്കിന് വഴികളുണ്ടാക്കിയിട്ട് ഒന്ന് പോലും കണ്ടെത്താനായില്ലേയെന്ന് നമ്മള് നമ്മളോട് തന്നെ ചോദിച്ചാല്‍ തീരാവുന്നതേ ഉള്ളൂ നമ്മുടെ സകല ബേജാറുകളും വിഷമങ്ങളും….
ഇതിനെല്ലാം പുറമെ നാട്ടിലെ സകല പാര്‍ട്ടികളുടെയും സംഘടനകളുടെയും ശാഖകളുണ്ട് ബത്തയില്‍. ആഴ്ച്ചകള്‍ തോറും അവരുടെ സംഗമങ്ങള്‍ സമ്മേളനങ്ങള്‍, സംസ്കാരിക-കലാ പരിപാടികളും നടക്കും. ഓരോ നാടിന്റെയും പഞ്ചായത്തിന്റെയും പരിപാടികള്‍ വേറെ. അതിനെല്ലാമായി ഒരുപാട് ഓഡിറ്റോറിയങ്ങള്‍.. എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ വായിക്കാതിരുന്നിട്ടാണോ എന്നറിയില്ല. ബത്തയെ വരച്ച് കാണിക്കാന്‍ മാത്രമൊന്നും എന്റെ ഭാഷ വളര്‍ന്നിട്ടില്ല. അതൊരു ലോകമാണ്, ജീവിതത്തിന്റെ സകല ഭാവങ്ങളും ഒത്തുചേര്‍ന്നൊരു നാല്ക്കവലയാണ്, പുഴയാണ്, ബഹ്റാണ് വേറെന്തെല്ലാമോ ഒക്കെയാണ്.