ബംഗലൂരുവില്‍ ടൂറ് പോകുന്ന മലയാളി യുവാക്കളുടെ ശ്രദ്ധയ്ക്ക് ; മാനവും പണവും അടിച്ചുമാറ്റുന്ന ഹണിട്രാപ് സംഘങ്ങള്‍ സജീവം

യുവാക്കളെയും പുരുഷന്മാരെയും ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്ന പുതിയ ഒരു രീതിയാണ് ഹണി ട്രാപ്. സ്ത്രീകളെ ഉപയോഗിച്ച് ആണുങ്ങളെ മയക്കിയ ശേഷം അവരെ കബളിപ്പിച്ച് പണം തട്ടുന്ന രീതിയാണ് ഹണിട്രാപ്പ്. കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മലയാളികളടക്കമുള്ള ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ബെംഗളൂരുവിലും മൈസൂരിലും വന്‍ ഹണിട്രാപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെഗളൂരുവിലും മൈസൂരിലും കഴിഞ്ഞ രണ്ട് മാസത്തിനകം ഇത്തരത്തിലുള്ള ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇത്തരത്തില്‍ ട്രാപ്പില്‍ കുടുങ്ങുന്നത്. ഇത്തരം കെണിയില്‍പ്പെട്ടവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്കായി ബെംഗളൂരുവില്‍ എത്തിയ മലയാളി യുവാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. ഇവരെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്താണ് പണം തട്ടിയത്. രാത്രിയില്‍ യുവാക്കളുടെ മുറിയിലേക്ക് സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് എത്തിയത്. ഇവര്‍ യുവാക്കളെ നഗ്നമാക്കിയ ശേഷം ഒപ്പം നിര്‍ത്തി ഫോട്ടോകളെടുത്തു. തുടര്‍ന്നാണ് പണവും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടെ അടിച്ചുമാറ്റിയത്. ഹോട്ടല്‍ ജീവനക്കാരുടേയും പോലീസുകാരുടേയും സഹായത്തോടെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ആരോപണം. മാനഹാനി ഭയന്ന് പലരും ഇത്തരം സംഭവങ്ങള്‍ പരാതിപ്പെടാറില്ല.