ബലാല്‍സംഗത്തിനു ഇരയായ യുവതി പൊതുനിരത്തിലൂടെ സഹായത്തിനായി നഗ്നയായി ഓടി ; തിരിഞ്ഞുപോലും നോക്കാതെ ഡല്‍ഹിവാസികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ എടുത്താല്‍ അതില്‍ ഒന്നാംസ്ഥാനം രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് ആയിരിക്കും. എത്രയൊക്കെ ക്രൂരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇപ്പോഴും അവിടുത്തെ ജനങ്ങളില്‍ അതിനെതിരെ പ്രതികരിക്കുവാനുള്ള മനോഭാവം പോലുമില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി സഹായം തേടി നഗ്നയായി ഓടി. ഞായറാഴ്ച രാവിലെ കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു രാജ്യത്തിന് തന്നെ നാണക്കേട് സമ്മാനിച്ച സംഭവം. 26 കാരിയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗ സംഘം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പീഡിപ്പിച്ചത്. പീഡനത്തിനിടെ യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു തെരുവിലൂടെ നഗ്നയായി തന്നെ നടന്ന യുവതിയെ ആരും തിരിഞ്ഞുപോലും നോക്കിയില്ല. സിസി ടി വി ദൃശ്യങ്ങളില്‍ യുവതി സഹായം അഭ്യര്‍ത്ഥിക്കുന്നത് കാണാവുന്നതാണ്. അവസാനം ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിക്ക് സഹായം നല്‍കിയത്. പിന്നീട് പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്നും ചാടിയ സമയം വീണ് യുവതിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കോള്‍ സെന്റര്‍ ജീവനക്കാരായ യുവാക്കളാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരിചയക്കാരനായ യുവാവാണ് വീട്ടില്‍ പാര്‍ട്ടിയാണ് എന്ന പേരില്‍ യുവതിയെ ഫ്ലാറ്റില്‍ എത്തിച്ചത്. യുവതിയെ ഫ്ലാറ്റില്‍ എത്തിച്ച ശേഷം ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ യുവതിയെ ബലാല്‍സംഗം ചെയ്യുന്നത്.