മിഷേലിന്റെ മരണം ആത്മഹത്യ എന്ന് പോലീസ് ; നിര്‍ണ്ണായകമായി സുഹൃത്തിന്‍റെ മൊഴി

കൊച്ചി : മരിച്ച സി.എ വിദ്യാര്‍ഥിനി മിഷേലിന്‍റെ മരണത്തില്‍ അസ്വഭാവികത ഇല്ല എന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ട ആളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം. അതേസമയം മിഷേലിന്റെ മരണത്തെ തുടര്‍ന്ന്‍ പോലീസ് കസ്​റ്റഡിയിലെടുത്ത യുവാവ്​ ക്രോണിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. സംഭവം ആത്മഹത്യയാണെന്നും നിരന്തര മാനസീക പീഡനം മിഷേലിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും പോലീസിന്‍റെ നിലവിലെ കണ്ടെത്തല്‍. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണില്‍ നിന്നും രക്ഷപ്പെടാനായി മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നതായി സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യം അറിഞ്ഞ മിഷേല്‍ അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു. മിഷെലിന്‍റെ സഹപാഠിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു.

ഇതിനൊപ്പം നേരത്തേ കോട്ടയത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കെ മിഷേലുമായി അടുത്ത മറ്റൊരു യുവാവിനെയും ക്രോണ്‍ ഇങ്ങിനെ ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. മിഷേലുമായി സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞായിരുന്നു ഭീഷണി. ക്രോണിന്‍ കടുത്ത സംശയരോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മിഷേല്‍ പല തവണ ശ്രമിച്ചതാണ്. എന്നാല്‍ മാപ്പ് പറഞ്ഞ് ഇത് ഇയാള്‍ തുടരുകയായിരുന്നു. ബന്ധത്തില്‍ നിന്നും മിഷേല്‍ പിന്മാറാതിരിക്കാന്‍ ക്രോണിന്‍ ഭീഷണിയുടെ ഭാഷയും ഉപയോഗിച്ചിരുന്നു. ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ ‘കൊന്നുകളയും’ എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാള്‍ മിഷേലിനയച്ചത്. എന്നാല്‍ ക്രോണിനെ തങ്ങള്‍ക്ക് അറിയില്ല എന്നാണ് മിഷേലിന്റെ അച്ഛന്‍ പറയുന്നത്. അങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്നും അയാളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സംസാരമോ പരാതിയോ തങ്ങളോട് മിഷേല്‍ നടത്തിയിട്ടില്ലെന്നും പിതാവ് ഷാജി പറഞ്ഞു. മിഷേല്‍ മരിച്ച അന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്നുള്ള കണ്ടെത്തല്‍ ശരിയല്ല എന്നും പിതാവ് ആരോപിക്കുന്നു.