പെണ്‍കുട്ടികള്‍ മരിക്കുന്നതിന് സര്‍ക്കാരിനെ കുറ്റം പറയരുത് ; നടക്കുന്നത് ഒറ്റപ്പെട്ട സംഭവം എന്ന് ഡിവൈഎഫ്ഐ നേതാവ്
ദുരൂഹ സാഹചര്യത്തില്‍ കൊച്ചിയില്‍ മരിച്ച മിഷേലിനെയും വാളയാറില്‍ പീഡനത്തെ തുടര്‍ന്ന്‍ ആത്മഹത്യ ചെയ്ത സഹോദരിമാരെയും അധിക്ഷേപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പോസ്റ്റ്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗമായ റോബര്‍ട്ട് ജോര്‍ജ്ജ് ആണ് തന്‍റെ ഫേസ്ബുക്കിലൂടെ മരിച്ചവരെ പരസ്യമായി അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് ഇട്ടത്. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാലാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് നേതാവ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ കുറ്റം മുഴുവന്‍ സര്‍ക്കാരിനാണ്. സര്‍ക്കാരിനുമേല്‍ കുറ്റം ചുമത്തുന്ന നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. മിഷേലിനെ കാണാതായതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ രക്ഷകര്‍ത്താക്കള്‍ എത്തിയിട്ടും പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറവത്ത് ഇന്ന് ഹര്‍ത്താലും നടക്കുകയാണ്. മിഷേലിനു പുറമേ വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തെയും റോബര്‍ട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടി തൂക്കുകയും ചെയ്തത് ആ വീട്ടില്‍ നാലു വര്‍ഷമായി താമസിക്കുന്ന ബന്ധുവാണെന്നും നാലുവര്‍ഷമായിട്ടും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചില്ലെന്നും എല്ലാം സംഭവിച്ച് കഴിഞ്ഞപ്പോള്‍ പൊലീസിനെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തുകയാണെന്നും റോബര്‍ട്ട് പറയുന്നു. അതേസമയം തന്‍റെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണുവാന്‍ പറ്റുന്ന രീതിയിലാണ് ജോര്‍ജ്ജ് പോസ്റ്റ് ഇട്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് കയറി നോക്കുന്നവര്‍ക്ക് പോസ്റ്റ് കാണുവാന്‍ സാധിക്കില്ല.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
“വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ‘ ആ വീട്ടില്‍ താമസിക്കുന്ന ബന്ധു’. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം. മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.”