പുലയനാണ് എന്ന് കരുതി താന്‍ പിറകിലോട്ട് പോകില്ല എന്ന് വിനായകന്‍ (വീഡിയോ)
താന്‍ പുലയനാണ് എന്ന് കരുതി ഒരു കാര്യത്തിനും പിറകോട്ടു പോകില്ല എന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍. ഒരു പുലയന്റെ താളം തന്‍റെ ശരീരത്തില്‍ ഉണ്ട്. ചെളിയില്‍ ചവിട്ടി താളം പിടിച്ചവനാണ് താന്‍. താന്‍ ഇങ്ങനെയാണ്, കഴിഞ്ഞ 20 കൊല്ലം ഇങ്ങനെയായിരുന്നു. ഇനി ഒരു ഇരുപത് കൊല്ലമുണ്ടെങ്കിലും താന്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നും വിനായകന്‍ വ്യക്തമാക്കി. അല്ലെങ്കില്‍ അത് നാല്പത് കൊല്ലം ഒപ്പമുണ്ടായിരുന്ന തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും വഞ്ചിക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ലഭിച്ച സമയം അമ്മയെ കെട്ടിപ്പിടിക്കാനും മുത്തം നല്‍കുവാനും പറഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് അതിനു പറ്റില്ല എന്ന് വിനായകന്‍ വെട്ടിതുറന്നു പറഞ്ഞിരുന്നു. താന്‍ ഇതുവരെ അമ്മയെ കെട്ടിപ്പിടിച്ചു മുത്തം നല്‍കിയിട്ടില്ല. അതുപോലെ ജീവിതത്തില്‍ അഭിനയിക്കുവാന്‍ തനിക്ക് അറിയത്തില്ല എന്നും വിനായകന്‍ പറയുന്നു. ഷുഗറിന്റെ അസുഖം ഉള്ള അമ്മയ്ക്ക് ജിലേബി കൊടുത്താല്‍ ചാനലുകാരു പോകുന്ന സമയം അമ്മ തലയും കുത്തി വീഴും പിന്നെ ആ അമ്മയെ ഞാന്‍ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടി വരും എന്നും വിനായകന്‍ തുറന്നടിക്കുന്നു. കൂടാതെ കമ്മട്ടിപ്പാടത്തിന്റെ ഇന്നത്തെ അവസ്ഥയും വിനായകന്‍ തുറന്നു പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിലാണ് വിനായകന്‍ മനസ് തുറന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് പരിപാടിയില്‍ നിന്നും ലഭിച്ച ക്ഷണം താന്‍ നിരസിച്ച കാര്യവും വിനായകന്‍ തുറന്നു പറഞ്ഞു. അവിടെ ചെന്ന് കോമഡി കാണിച്ച് തന്നെ വില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് പരിപാടില്‍ പങ്കെടുക്കാതിരുന്നത്. ജീവിതം തനിക്ക് കോമഡിയല്ല സീരിയസാണെന്നും വിനായകന്‍ പറയുന്നു. അതുപോലെ കഴിഞ്ഞ 20 കൊല്ലമായി താന്‍ ഇവിടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. തന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോള്‍ അവര്‍ തന്നെ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് വേണ്ടി തന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും, തമാശയാണെങ്കില്‍ തമാശ അത് തന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാകും. അതാണ് വിനായകന്‍.
വീഡിയോ : ഏഷ്യനെറ്റ് ന്യൂസ്